Wednesday, 2 November 2016

അഖണ്ഡ ഭാ­രതത്തി­ന്റെ­ മൂ­ല്യാ­ധി­ഷ്ടി­ത ചി­കി­ത്സാ­രീ­തി­യു­ടെ­ മഹത്വം

അഖണ്ഡ ഭാ­രതത്തി­ന്റെ­ മൂ­ല്യാ­ധി­ഷ്ടി­ത ചി­കി­ത്സാ­രീ­തി­യു­ടെ­ മഹത്വം
വൈവിധ്യം നിറഞ്ഞ സംസ്ക്കാരങ്ങളാലും ഭാഷകളാലും വേഷവിധാനങ്ങളാലും സന്പൽസമൃദ്ധമായ ഭാരതം ലോകത്തിന്റെ മുഴുവൻ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന രാജ്യം കൂടിയാണ്. ലോകജനതയുടെ ഏതു വിഷയങ്ങളുടേയും അറിവിന്റെ സ്രോതസ്സ് എന്നും ഇന്ത്യ തന്നെയാണ്. അതിപ്രാചീന ഭാരതത്തിലെ ‘ശാസ്ത്രം’ വിശാലമായ വലിയൊരു ശാഖയാണ്. സക്ഷാൽ പരമശിവന്റെ തേജസ്സുറ്റ മുഖഭാവങ്ങളെ നാലു മഹർഷിമാർ ഉദ്ധരിച്ച വചനങ്ങൾ ആണ് പിന്നീട് പല ശാസ്ത്രങ്ങളായത് എന്ന് പറയപ്പെടുന്നു. ലോഹതന്ത്രവും ആരോഗ്യശാസ്ത്രവും ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും ലോകത്തിനു ഭാരതം നൽകിയ സംഭാവനകളാണ്. അതിലൊരു വലിയ സംഭാവനയാണ് 51 ശാഖകളുള്ള ‘അഥർവ്വവേദം’. ഇതിൽ മനുഷ്യർക്ക് ഉണ്ടാകാനിടയുള്ള രോഗങ്ങളും രോഗസാധ്യതകളും അവയുടെ ചികിത്സാ സന്പ്രദായങ്ങളും ഔഷധങ്ങളും ഔഷധങ്ങൾ കൊടുക്കുന്പോൾ ചൊല്ലേണ്ട മന്ത്രങ്ങളും എല്ലാം വിശദായി പരാമർശിച്ചിട്ടുണ്ട്. അഥർവ്വവേദങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ആയുർവ്വേദം. ആയുർവ്വേദം എന്ന പദം ആദ്യം കാണുന്നത് സംഹിതകളിലാണ്. സംഹിതകൾ എന്നാൽ മാരീച കശ്യപൻ, അത്രേയ പുനർവസു ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങൾ ക്രോഡീകരിച്ച് അവരുടെ ശിഷ്യന്മാർ രചിച്ച ഗ്രന്ഥങ്ങൾ ആണ്. മഹർഷി പരന്പരകളിലൂടെ ആയുർവ്വേദം ഇന്നും ലോകത്തിൽ വളരെ പ്രചാരത്തോടെ നിലനിൽക്കുന്നു. അദ്ഭുതകരമായ ഈ ശാഖകൾ അന്യംനിന്നു പോകാതിരിക്കാൻ ഇന്നു കാര്യമായ ശ്രമങ്ങൾ നടന്നു വരുന്നുണ്ട്.
കേരളത്തിൽ വാഗ്‌ഭടന്റെ അഷ്ടാംഗഹൃദയവും ഉത്തരേന്ത്യയിൽ സുശ്രൂതന്റേയും ചരകന്റേയും ആയുർവ്വേദ ഗ്രന്ഥങ്ങളാണ് കൂടുതലായും പ്രചാരത്തിലുള്ളത്. ആധുനിക ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്, Hippocrates (The father of Western Medicine) ചരകന്റേയും ശുശ്രുതന്റേയും പുസ്തകങ്ങളിൽ നിന്നാണ് ഔഷധശാസ്ത്രം പഠിച്ചതെന്ന് തന്റെ (ഗന്ഥത്തിൽ പലയിടത്തായി പറഞ്ഞിട്ടുണ്ട്. ചികിത്സക്കായി ശരീരവും മനസ്സും ഒരുമിച്ചു ചേർക്കണമെന്ന് ആദ്യമായി പറഞ്ഞത് ശുശ്രുതനാണ്. അദ്ദേഹം BC 700−ൽ പറഞ്ഞു വെച്ച, ശരീരത്തിനേൽക്കുന്ന ഏതൊരാഘാതവും മനസ്സിനേയും മനസ്സിനേൽക്കുന്ന ഏതൊരാഘാതവും ശരീരത്തേയും ബാധിക്കുമെന്ന ഈ അറിവിനെ പഠനവിഷയമാക്കിയാണ് Dr.Deepak Chopra, ‘Quantum Healing’, (Mind Body Medicine) എന്ന ചികിത്സാരീതി കണ്ടെത്തിയതും മെഡിറ്റേഷൻ, പ്രാർത്ഥന, മ്യൂസിക് തെറാപ്പി എന്നിവയിലൂടെ കാൻസർ, എയ്ഡസ് രോഗികളിൽ അദ്ഭുതകരമായ മാറ്റങ്ങൾ നിരീക്ഷിച്ചതും. പുരാണങ്ങളിലെ പല അദ്ഭുതങ്ങളും നമുക്കവിശ്വസനീയമാകാറുണ്ട്. എന്നാൽ ശ്രീ നാരായണഗുരു തന്റെ തപഃശക്തിയിലൂടെ പാറ ഉരുക്കി പ്രതിഷ്ഠ നടത്തിയത് അത്ര വിദൂരമല്ല!. വർഷങ്ങളോളം തപസ്സു ചെയ്യുന്ന യോഗികൾ മനസ്സിനേയും ആന്തരിക−ശാരീരിക പ്രക്രിയകളേയും ബന്ധിക്കാനും ആവശ്യാനുസൃതം ബന്ധം വിച്ഛേദിക്കാനും പ്രാപ്തരാണ്. പ്രാണ, ആത്മാവ്, ബ്രഹ്മം, മന്ത്രം ഒക്കെ ഓരോ മനുഷ്യനേയും സ്പർശിക്കുന്നത്, തന്നിൽ തന്നെ പ്രാണനൊപ്പമുള്ള ‘ഓംകാര’ മന്ത്രമുള്ളത് കൊണ്ടാണ്. ബ്രെയിൻ പ്രവർത്തിപ്പിക്കാൻ മെഡിറ്റേഷൻ പോലെ മറ്റൊന്നില്ലെന്ന് ലോകം അംഗീകരിച്ചു. 70−കളിലെ അരുതെന്നു മുതിർന്നവർ പറഞ്ഞതിനെ എല്ലാം 80−കളിൽ യുക്തി വാദത്തിന്റെ പേരിൽ നിഷേധിച്ചപ്പോൾ നമുക്കു നഷ്ടപ്പെട്ടുന്നത് എന്തൊക്കെയെന്ന് കണക്കാക്കാൻ പറ്റാതെയുമായി.
ആയുർവ്വേദം
തികച്ചും ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണ രീതിയാണ് ആയുർവ്വേദം. ആയുസ്സിനെ കുറിച്ചുള്ള വേദം എന്നാണ് പദത്തിനർത്ഥം. ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമാ‍‍യ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സന്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവ്വേദം. 5000 വർഷങ്ങൾക്കു മുന്പേ ജനിച്ച ആയുർവ്വേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവ്വേദ സിദ്ധാന്തം. ത്രിദോഷങ്ങളിൽ ഏതെങ്കിലും ഒന്നൊ, രണ്ടോ, അല്ലെങ്കിൽ മൂന്നോ, അതിൽ കൂടുകയോ കുറയുകയോ ചെയ്താൽ ഉണ്ടാകുന്ന അവസ്ഥയാണ് രോഗം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം. ആയുർവ്വേദത്തിൽ രോഗ നിർണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ഈ ത്രിദോഷങ്ങൾ തന്നെയാണ്. സമഗ്രമായ ഒരു ചികിത്സാ സന്പ്രദായമാണ് ആയുർവ്വേദം. രോഗം വന്നിട്ടു ചികിൽസിക്കുന്നതിനേക്കാൾ നല്ലത്, രോഗം വരാതെ സൂക്ഷിക്കലാണ് എന്ന് ആയിരക്കണക്കിനു വർഷങ്ങൾ മുൻപേ പ്രഖ്യാപിച്ച ശാസ്ത്രം. അതുകൊണ്ടു തന്നെ, ആയുർവ്വേദത്തിന് രണ്ടു പ്രധാനശാഖകൾ ഉണ്ട്. അവയാണ് സ്വസ്ഥവൃത്തവും, ആതുരവൃത്തവും. രോഗമില്ലാത്തയാളുടെ ആരോഗ്യം ഉയർന്ന നിലവാരത്തിൽ കാത്തു സൂക്ഷിക്കുന്നതിനും, രോഗം വരാതെ കാക്കുന്നതിനും വേണ്ട എല്ലാ നിർദ്ദേശങ്ങളും അടങ്ങിയ ശാഖയെ സ്വസ്ഥവൃത്തം എന്നു വിളിക്കുന്നു. രോഗം വന്നാൽ ചികിൽസിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്ന ശാഖയെ ആതുരവൃത്തം എന്നും വിളിക്കുന്നു.
ആയുസ്സ് എന്നാൽ ജനനം മുതൽ മരണം വരെയുള്ള ജീവിതമാണ്‌. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ. പഞ്ചഭൂത നിർമ്മിതമായ പ്രകൃതിയിൽ, പഞ്ചഭൂതനിർമ്മിതമായ മനുഷ്യശരീരത്തെ, പഞ്ചഭൂതങ്ങൾ ഉപയോഗിച്ചു തന്നെ ചികിൽസിക്കുക എന്നതാണ് ആയുർവേദത്തിന്റെ തത്ത്വം. ഓരോ ഭൂതങ്ങളും ഓരോ വ്യവസ്ഥയെയാണ് കുറിക്കുന്നത്. ഉദാഹരണത്തിന് ആകാശം കോശവളർച്ചക്ക് ആവശ്യമായ സൗകര്യത്തെയും, ജലം പോഷണവുമായി ബന്ധപ്പെട്ടവയെയും കുറിക്കുന്നു. ഇങ്ങനെ ഓരോന്നിനും ഓരോ പ്രവൃത്തി വിശേഷമുണ്ട്.
ഭാരതത്തിൽ വിഷചികിത്സ, ബാലചികിത്സ, മർമ്മചികിത്സ, നാഡീചികിത്സ തുടങ്ങിയ ചികിത്സാമുറകളിലൊക്കെത്തന്നെ ആയുർവേദത്തിന്റെ അടിസ്ഥാന ആശയങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ക്രമേണ പലതും ദുരുപയോഗം ചെയ്യപ്പെട്ടു.
നാട്ടുവൈദ്യം
അനുഭവജ്ഞാനത്തിൽ അധിഷ്ഠിതമായതും നാട്ടറിവുകളും പരന്പരാഗത ചികിത്സാരീതികളും സമന്വയിപ്പിക്കുന്നതുമായ ഒരു വൈദ്യവിജ്ഞാനീയമാണ് നാട്ടുവൈദ്യം. നാട്ടുവൈദ്യന്മാർ എന്നറിയപ്പെടുന്ന ഭിഷഗ്വരന്മാരാണ് നാട്ടുവൈദ്യത്തിന്റെ പ്രണേതാക്കൾ. തലമുറകളിൽനിന്നു തലമുറകളിലേയ്ക്കു വാമൊഴിയിലൂടെ വിനിമയം ചെയ്യപ്പെട്ട രഹസ്യവിധികളാണ് നാട്ടുവൈദ്യത്തിന്റെ കാതൽ. നാട്ടിൻപുറങ്ങളിൽ പ്രചാരത്തിലുള്ള ഒറ്റമൂലി പ്രയോഗവും മറ്റും നാട്ടുവൈദ്യത്തിന്റെ വഴികളാണ്. ശാസ്ത്രീയ വൈദ്യത്തിലേയ്ക്ക് സ്വാംശീകരിക്കാൻ കഴിയുന്ന ധാരാളം അറിവുകൾ നാട്ടുവൈദ്യങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്. അജ്ഞത മൂലവും, എഴുതിസൂക്ഷിക്കുന്ന പതിവ് കുറവായിരുന്നതിനാലും കൈമാറാനുള്ള വിമുഖത മൂലവും നാട്ടുവൈദ്യത്തിലെ പല അറിവുകളും നഷ്ടപ്പെടുന്നു.
പരന്പരാഗതവൈദ്യമായ നാട്ടുവൈദ്യത്തിൽ പ്രാദേശികഭേദങ്ങൾ വളരെ കൂടുതലായിരിക്കും. ഒരേ നാട്ടിൽത്തന്നെ രണ്ടുപേർ ഉപയോഗിക്കുന്ന രീതികൾ രണ്ടുതരമായിരിക്കും. ഇതിന്റെ ഒരു വലിയ പ്രത്യേകത, അതാതു സ്ഥലങ്ങളിൽ എളുപ്പത്തിലും ചെലവുകുറവായും ലഭ്യമാകുന്ന സാമഗ്രികൾ ആയിരിക്കും ചികിത്സാർത്ഥം ഉപയോഗിക്കപ്പെടുക എന്നതാണ്. എല്ലാരാജ്യത്തും നാട്ടുവൈദ്യത്തിൽ, സസ്യങ്ങൾക്കും സസ്യഭാഗങ്ങൾക്കും ഇത്ര പ്രാധാന്യം ലഭിക്കാനിടയാകുന്നത് ഇതിനാലാണ്. വീട്ടുമുറ്റത്തും പറന്പിലും നാട്ടുവഴികളിലും ലഭ്യമായ പച്ചിലകൾ കൊണ്ടും മൂലികകൾകൊണ്ടും പല രോഗങ്ങളും ചികിത്സിക്കാനും പ്രതിരോധിക്കാനും കഴിയുമെന്ന അറിവ് നമുക്ക് തന്നത് നാട്ടുവൈദ്യന്മാരാണ്. സ്വാനുഭവത്തിന്റെ അടിസ്ഥാനത്തിൽ, കൈമാറിവന്ന ലഘുചികിത്സകളിൽ പലതും ഇന്ന് അന്യം നിന്നുപോയിരിക്കുന്നു. ആധുനിക ചികിത്സാശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ ഈ ഒറ്റമൂലി സന്പ്രദായങ്ങൾ പലതും അശാസ്ത്രീയമെന്ന് മുദ്രകുത്തപ്പെട്ടിട്ടുണ്ടെങ്കിലും കാലവും ദേശവും ദേഹസ്ഥിതിയും കണക്കിലെടുത്തായിരുന്നു ഈ ഔഷധങ്ങൾ പ്രയോഗിച്ചിരുന്നത്.
പ്രകൃതി-ചികിത്സ
ആരോഗ്യം സംരക്ഷിക്കുവാനും അസുഖങ്ങൾ വന്നാൽ അതിനെ ഇല്ലാതാക്കുവാനുള്ള കഴിവ് ശരീരത്തിനുണ്ടെന്നും അതിന് അവസരമൊരുക്കുക എന്നതാണ് ഈ ചികിത്സയുടെ ധർ‍മ്മം. ജലം, മണ്ണ്, സൂര്യപ്രകാശം എന്നിവ ഉപയോഗിച്ചുള്ള ചികിത്സ രീതികൾ മസാജ്, അക്യൂപാക്ചർ‍, ഉപവാസ ചികിത്സ, ഭക്ഷണക്രമീകരണം, വിവിധതരത്തിലുള്ള യോഗാസനങ്ങൾ ക്രിയകൾ, പ്രാണായാമങ്ങൾ, ധ്യാനമുറകൾ ഇവയെല്ലാം ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. വിനാശകരങ്ങളായ ഔഷധപ്രയോഗങ്ങളോ ശസ്ത്രക്രിയകളോ ഇല്ലാതെ തന്നെ രോഗങ്ങളെ മാറ്റുവാൻ‍ കഴിയുന്നു. പനി ബാധിച്ച നൂറിലേറെപേർ‍ കേരളത്തിൽ മരിച്ചപ്പോൾ മറ്റ് ചികിത്സാശാസ്ത്രങ്ങളെല്ലാം പരീക്ഷിച്ച് പരാജയപ്പെട്ട് ആയിരക്കണക്കിന് പനിബാധിതർ കഷ്ടപ്പെട്ടപ്പോഴും തങ്ങളുടെ അടുത്തുവന്ന് ഏതാണ്ട് എല്ലാ പനിബാധിതരേയും അത് ഏതുതരം പനിയാണെങ്കിലും ശമിപ്പിക്കുവാൻ‍ പ്രകൃതി ചികിത്സകൾ‍ക്കായിട്ടുണ്ട്. വൃക്ക രോഗങ്ങൾ‍ക്കുള്ള പ്രതിവിധികൾ‍ പ്രകൃതിചികിത്സയിൽ ലഭ്യമാകും.
സിദ്ധവൈദ്യം
പൗരാണിക ഭാരതീയ ആതുരചികിത്സാസന്പ്രദായമാണ്‌ സിദ്ധവൈദ്യം. സിദ്ധവൈദ്യം ആയുർവ്വേദത്തേക്കാൾ പഴക്കമുള്ളതാണ്‌. സിദ്ധവൈദ്യം അവാച്യവും അനിർവ്വചനീയവും അനന്തവുമായ ഒന്നാണ്. ഇതൊരു തപസ്യപോലെയാണ്. വൈദഗ്ദ്ധ്യം നേടിയ സിദ്ധൻമാർ (ആശാൻ) അപൂർവ്വമായേ ഉള്ളൂ. നിർഭാഗ്യവശാൽ മലയാള ഗ്രന്ധങ്ങളിൽ എവിടേയും യഥാർത്ഥ സിദ്ധവൈദ്യത്തെപ്പറ്റി പരാമർശിക്കപ്പെട്ടില്ല. സിദ്ധവൈദ്യത്തെപ്പറ്റിയുള്ള മൂലഗ്രന്ധങ്ങളെല്ലാം തന്നെ തമിഴിലാണ് ഉള്ളത്. ആരോഗ്യകരമായ ഒരു ശരീരമുണ്ടങ്കിലേ പരമാത്മാവിലെക്കെത്തിച്ചേരാൻ കഴിയുകയുള്ളുവെന്നു സിദ്ധന്മാർ വിശ്വസിക്കുന്നു. അതുകൊണ്ട് അവർ ആത്മീയതയോടൊപ്പം വൈദ്യത്തിനും പ്രാധാന്യം കൊടുത്തു. ഒരാളുടെ ബോധവും വ്യക്തിത്വവും ഉൾക്കൊള്ളുന്ന, മനസ്, ആത്മം എന്നീ ആശയങ്ങളുമായി സാമ്യമുള്ള ഒന്നാണ് ആത്മാവ് എന്നാണ് സങ്കൽപ്പം. ഭൗതിക മരണത്തിനു ശേഷവും ആത്മാവ് നിലനിൽക്കും എന്നാണ് പൊതുവെ വിശ്വാസം. മനുഷ്യേതര ജീവികൾക്കും ആത്മാവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആത്മാവ് അനശ്വരമാണ്. ജീവിതത്തെ ഭൗതികം, ആത്മീയം എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ശരീരത്തിന്റെ ആവശ്യങ്ങളെ ഭൗതികം എന്നും മനസ്സിന്റെ ആശയങ്ങളെ ആത്മീയം എന്നും വിശേഷിപ്പിക്കുന്നു. ആത്മാവ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന അന്വേഷണത്തിൽ നിന്നാണ് മനുഷ്യന്റെ മാനസിക കഴിവുകളുടെ ശാരീരിക ഉറവിടം കണ്ടെത്തുവാനുള്ള ശ്രമം ആരംഭിച്ചത്. ആശയങ്ങളുടെയും ചിന്തയുടെയും ആലയം ആത്മാവാണെന്നാണ് ആദ്യകാലത്ത് കരുതപ്പെട്ടിരുന്നത്. മസ്തിഷ്കമാണ് നാഡീവ്യൂഹത്തിന്റെ കേന്ദ്രമെന്നും, സംവേദനം, ചിന്ത, ചലനം തുടങ്ങിയ കാര്യങ്ങൾ അതാണ് നിയന്ത്രിക്കുന്നതെന്നും പിന്നീട് തെളിയിക്കപ്പെട്ടു. ഗൗരവതരമായ രോഗ ശാന്തിക്കായി നീണ്ട വർഷങ്ങളോളം പരക്കം പായുന്നതിനിടയിൽ കണ്ടെത്തിയ ശാസ്ത്രജ്ഞനായ Dr.Surej− സിദ്ധവൈദ്യന്റെ കണിശമായ രോഗനിർണ്ണയത്തിലും മർമ്മ ചികിത്സയിലുമാണ് രോഗമുക്തമായ അവസ്ഥ എനിക്കുണ്ടായത്.
മർമ്മചികിത്സ
ശരീരത്തിൽ ജീവൻ, അല്ലെങ്കിൽ ശ്വാസം അല്ലെങ്കിൽ പ്രാണവായു തങ്ങി നിൽക്കുന്ന ഇടങ്ങളാണ് മർമ്മങ്ങൾ. മർമ്മചികിത്സയിലൂടെ മാറ്റാൻ പറ്റാത്തതായ അസുഖങ്ങളില്ല. ഉത്തമനായ ശിഷ്യന് മാത്രമേ ഗുരുക്കന്മാർ ഈ വിദ്യ നൽകിയിരിക്കുന്നുള്ളൂ. മർമ്മചികിത്സയെ സംബന്ധിച്ചിടത്തോളം പ്രശസ്തമായ പാരന്പര്യ ചികിത്സാകേന്ദ്രങ്ങൾ ഇപ്പോഴും നിലവിലുണ്ട്. നാഡീ സംബന്ധമായ ഏതൊരു അസുഖത്തിനും അത്യുത്തമം മർമ്മ വൈദ്യം തന്നെ. മുഴുവൻ സമയവും ഒരു യന്ത്രം പോലെ പ്രവർത്തിക്കുന്ന നമ്മുടെ ശരീരത്തിൽ 108 ആണ് സാധാരണ പറയുന്ന മർമ്മങ്ങളുടെ എണ്ണം. യഥാർത്ഥത്തിൽ 1000−ത്തോളം മർമ്മസ്ഥാനങ്ങളുണ്ട്. ആ മർമ്മകേന്ദ്രങ്ങളെ കുറിച്ചുള്ള അറിവാണ് ഈ ചികിത്സക്കുള്ള ആധാരം. ഓരോ മർമ്മത്തിനും നമ്മുടെ ബോധതലത്തേയും മനസ്സിനേയും ശരീരത്തേയും ഏകീകരിക്കാനുമാവും. മർമ്മവൈദ്യരാണ് മർമ്മസ്ഥാനത്തെ പ്രവർത്തനക്ഷമമാക്കുന്നതും ശുദ്ധി വരുത്തുന്നതും. എല്ലുകളുടെ ഒടിവുകളും ചതവും ഞൊടിയിടകൊണ്ട് മർമ്മ വിദഗദ്ധർ സുഖപ്പെടുത്തുന്നതും ആധുനിക വൈദ്യം പരാജയപ്പെടുന്നിടത്തു പോലും മർമ്മ−സിദ്ധ വൈദ്യം വിജയിക്കുന്ന ഒട്ടനവധി നേർകാഴ്ചകളുണ്ട്. ചികിത്സക്കുള്ള മനസ്സും സമയവും ആർജ്ജിക്കേണ്ടിയിരിക്കുന്നു. ആ ഗുരുമുഖത്തെ അറിവ് അവർണ്ണനീയം തന്നെ.
നാഡീപരീക്ഷ
ആയുർവ്വേദത്തിലെ അതിപ്രാചീനകാലത്തുണ്ടായ ഒരു രോഗനിർണ്ണയ ശൈലിയാണിത്. ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള ആത്മാവും മനസ്സും കുടികൊള്ളുന്നു. സ്പന്ദിക്കുന്ന നാഡിയെ സ്പർശ്ശിച്ച് പ്രകൃത്യാ ഏകീകൃതമായ ശരീരത്തിന്റെയും മനസ്സിന്റെയും സംതുലിതാവസ്ഥയേയും മാനസിക−ശാരീരിക ദോഷവശങ്ങളേയും രോഗാവസ്ഥയേയും കണിശമായി നിർണ്ണയിക്കുന്ന ഈ നാഡീ പരീക്ഷണം ലോകമെന്പാടും പ്രചരിക്കപ്പെടുന്നത് അത്യന്തം ആശാവഹമാണ്. മനുഷ്യ ശരീരത്തിലടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങളുടെ (കുത്തിവെപ്പ്, ആന്റിബയോടിക്, മരുന്ന്, ഭക്ഷണം തുടങ്ങിയവ വഴി ശരീരത്തിലെത്തുന്ന), അളവറിയാനും പരിഹരിക്കാനും, വരാൻ സാധ്യതയുള്ള അസുഖങ്ങളെ കുറിച്ചു പോലും മുന്നറിയിപ്പു തരാനും പറ്റുന്ന അതി വിശിഷ്ടമായ ചികിത്സാരീതിയാണിത്. രോഗം നിർണ്ണയിക്കപ്പെട്ടാൽ ആഹാരത്തിൽ വരുത്തേണ്ടുന്ന കൃത്യനിഷ്ഠയിലൂടെയും ആവശ്യമെങ്കിൽ‍, ആയുർവ്വേദ ഗുളികകളിലൂടെയുമാണ് രോഗം പരിഹരിക്കപ്പെടുന്നത്. ഈ നാഡീ പരീക്ഷണത്തിനു മൂന്നു മണിക്കൂർ പിന്നിട്ട നിരാഹാരം നിർബന്ധമാണ്.
പത്ത് വർഷം മുന്നെ ഒരു ജർമ്മൻ നാഡീരോഗവിദഗ്ദ്ധ, ദുബായിൽ വെച്ച് നാഡീസ്പന്ദനം നിരീക്ഷിച്ച് ആധുനിക രീതിയിൽ കന്പ്യൂട്ടറുമായി ബന്ധപ്പെടുത്തി, വിശദീകരിച്ച് തരുന്പോൾ അദ്ഭുതത്തോടെ കേട്ടു നിന്നിട്ടുണ്ട്. മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിൽ കെമിക്കലിന്റെ അളവു എത്രത്തോളം അടങ്ങിയിട്ടുണ്ടെന്ന് കാണിക്കുകയും അലൂമിനിയം, നോൺസ്റ്റിക്, മൈക്രോവേവ് ഓവൻ തുടങ്ങിയവ ഉപേക്ഷിക്കേണ്ടതിന്റെ ഗൗരവം മനസ്സിലാക്കി തരുകയും, ഒപ്പം നമ്മുടെ വെളിച്ചെണ്ണയുടെ മഹത്വത്തെ കുറിച്ചുള്ള പരിജ്ഞാനം പങ്കു വെയ്ക്കുകയുമുണ്ടായി.
ഇന്ന് ആയുർവ്വേദത്തേയും നാഡീ പരീക്ഷയേയും പുനരുജ്ജീവിപ്പിക്കുന്നതിൽ ശ്രീശ്രീ ആയുർവ്വേദം വലിയ പങ്കു വഹിക്കുന്നുണ്ട്. ഓരോ വർഷവും 100 ഓളം പ്രത്യേകമായി തെരെഞ്ഞെടുത്ത വിദഗ്ദ്ധരെ, പരിശീലിപ്പിച്ച് മികച്ച സേവനം ലോകമെന്പാടും ലഭ്യമാക്കാൻ ശ്രീശ്രീ−യുടെ നേതൃത്ത്വത്തിൽ‍ വർഷങ്ങളായി നടന്നു വരുന്നു. Dr.Abhishek Kumar Oman ബഹ്റിനിൽ നാഡി−മർമ്മ ചികിത്സയുമായി ബന്ധപ്പെട്ട് സന്ദർശനം നടത്തി വരുന്നുണ്ട്.
‘ആയുർ’ ജീവിതത്തേയും ‘വേദം’ ശാസ്ത്രത്തേയും സൂചിപ്പിക്കുന്നു. അങ്ങനെ, ‘Science of Life’, എന്നറിയപ്പെടുന്ന ആയുർവ്വേദത്തിന്റെ മുഖ്യധർമ്മം ശരീരവും മനസ്സും ആത്മാവും ഒരേ താളത്തിൽ സ്പന്ദിപ്പിക്കുക എന്നതാണ്. ആയുർവ്വേദ ഔഷധങ്ങൾ രോഗശമനത്തിനു മാത്രമല്ല രോഗം തടയാനും ആരോഗ്യം അഭിവൃദ്ധിപ്പെടുത്താനുമുള്ളതാണ്. ഈ ഔഷധങ്ങൾ തൊണ്ണൂറു− ശതമാനത്തോളം ഇന്ത്യൻ ഭവനങ്ങളിലും ഉപയോഗിക്കപ്പെടുന്നുണ്ട്. അടുക്കളയിലെ രാജ്ഞിയായി അറിയപ്പെടുന്ന മഞ്ഞളും ഇഞ്ചി, മല്ലി, ജീരകം, കുരുമുളക്, ഗ്രാന്പൂ, പട്ട, കശുവണ്ടി, ഉള്ളി, വെളുത്തുള്ളി തുടങ്ങി പലതും ഔഷധഗുണളുള്ളവയാണ്. വിദദ്ധരുടേയും മരുന്നുകളുടേയും ലഭ്യതകുറവ് പരിഹിക്കപ്പെട്ടാൽ ഈ ചികിത്സകളെല്ലാം ജനകീയമാക്കാം. ശ്രീ നാരായണ ഗുരുവിനെ പോലെ അനേകം ഗുരുക്കൻമാരെ കണ്ടും കേട്ടും വളർന്നിട്ടും എന്തുകൊണ്ടോ സമൂഹം ആത്മീയതയെ തള്ളി, അന്തമായ ഭൗതികതയിലേയ്ക്ക് കൂപ്പ് കുത്തിയപ്പോ നഷ്ടപ്പടുത്തുന്നത് പ്രകൃതിയേയും ജീവജാലങ്ങളേയും ആവാസവ്യവസ്ഥയേയും ആണ്. പ്രപഞ്ച സത്യങ്ങളെ തൊട്ടറിഞ്ഞ മഹത്തായ ഒരു സംസ്കാരത്തിന്‍റെ ഉറവിടമാണ് ഭാരതം. 5000 വർഷങ്ങൾക്കു മുന്നെ മഹർഷിമാർ പറഞ്ഞു വെച്ച ഇന്ത്യൻ മൂല്യങ്ങളെ തിരിച്ചറിയുക. സന്പുഷ്ടമായ ഭാരതീയ ആഹാരരീതിയെ മറികടന്ന് വിദേശികളുടെ പാത പിന്തുടരാതിരിക്കുക. നമ്മുടെ മഹത്തായ പാരന്പര്യത്തെ നിലനിർത്താൻ, ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ അണിചേരാം ഒറ്റകെട്ടായി.