Sunday, 13 September 2015

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങള്‍ കല്‍പ്പിച്ച വിവാഹച്ചടങ്ങ്.................

സ്വാമി തൃപ്പാദങ്ങള്‍ സമുദായത്തിന്റെ വൈദികമായ അഭിവൃത്തിയ്ക്കും പരിശുദ്ധമായ വിവാഹകര്‍മ്മത്തിന്റെ ഗൌരവത്തിനു അനുകൂലമാകുമാറ് വിവാഹ വിധിയെ താഴെക്കാണും പ്രകാരം പരിഷ്കരിക്കുകയും ജനങ്ങളുടെ അറിവിനായി അതിനെ പ്രസിദ്ധപ്പെടുത്തുവാന്‍ ആജ്ഞാപിക്കുകയും ചെയ്തിരുന്നു.
വിവാഹവേദിയുടെ വലത്തുവശത്തു മേശപ്പുറത്ത് ശുഭവസ്ത്രം വിരിച്ച് തൃപ്പാദങ്ങളുടെ ചിത്രം വൈയ്ക്കുക.ചിത്രത്തിന് മുന്‍പില്‍ ഇരുവശങ്ങളിലായി ഒരേ സൈസില്‍ രണ്ടു നിലവിളക്കുകള്‍ അഞ്ച് തിരികള്‍ വീതം ഇട്ടു കത്തിക്കുക.തീര്‍ത്ഥം,പനിനീര്,ചന്ദനം,ആവശ്യത്തിനു പുഷ്പങ്ങള്‍ ഇതൊക്കയും തയ്യാറാക്കി വൈയ്ക്കണം.തൃപ്പാദങ്ങളുടെ ചിത്രത്തില്‍ പുഷ്പമാല ചാര്‍ത്തുക.ചിത്രത്തിന്റെ മുന്‍ വശത്തായി നിറ നാഴിയും ഗണപതി ഒരുക്കും വൈയ്ക്കുക.അതിന് മുന്‍വശത്തായി രണ്ടു ഇലകളില്‍ പൂമാലകള്‍ ,ഒരു വെറ്റിലയില്‍ നാരങ്ങയും ,നാണയവും വച്ച് ഗുരു ദക്ഷിണ വൈയ്ക്കുക.മറ്റൊരു വെറ്റിലയില്‍ താലി,ചിത്രത്തിന് തൊട്ടു മുന്നില്‍ ആയി തന്നെ വൈയ്ക്കുക.വധൂവരന്‍മാര്‍ക്ക് ഇരിക്കുവാനുള്ള സ്ഥലം മണ്ഡപത്തിനുള്ളില്‍ കോടി വസ്ത്രം വിരിച്ച് തയ്യാറാക്കിയിരിക്കണം.നിറപറ വൈക്കുന്നവര്‍ വിവാഹ മണ്ഡപത്തിന്റെ മുന്നിലായി അതിന് പ്രത്യേകം ഒരു നിലവിളക്കും നിറപറയും വൈക്കണം.
വിവാഹ മുഹൂര്‍ത്തത്തില്‍ പുരോഹിതന്‍ വധൂവരന്‍മാരെ വിവാഹ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് അവര്‍ക്ക് തീര്‍ത്ഥം നല്‍കി,പനിനീര്‍ കുടഞ്ഞു,ചന്ദനവും കൊടുത്ത് പുഷ്പം വധൂവരന്‍മാരുടെ കൈകളില്‍ പുഷ്പങ്ങള്‍ നല്‍കി കര്‍പ്പൂരം കത്തിച്ച് വധൂവരന്‍മാര്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു നമസ്കരിക്കുക.വധൂവരന്മാര്‍ ഗുരുദക്ഷിണ അര്‍പ്പിച്ചുകൊണ്ട് വേദിയിലേക്ക് പ്രവേശിക്കുക.വരന്‍റെ ഇടതുവശത്ത് വധുവിനെ നിര്‍ത്തുക.അതിന് ശേഷം എല്ലാവരും എഴുന്നേറ്റുനിന്ന് ഈശ്വര പ്രാര്‍ത്ഥന നടത്തുക.
ഓം ..... ഓം.... ഓം
ഗുരുര്‍ബ്രഹ്മ ഗുരുര്‍വിഷ്ണു:
ഗുരുര്‍ദേവോ മഹേശ്വര :
ഗുരുസാക്ഷാല്‍പരംബ്രഹ്മ :
തസ്മൈ ശ്രീ ഗുരവേ നമ :
ഓം ബ്രഹ്മണേമൂര്‍ത്തിമതേ ശ്രീതാനാം ശുദ്ധിഹേതവേ
നാരായണയതീന്ദ്രായ തസ്മൈ ശ്രീ ഗുരവേ നമ :
നമോഭഗവതേ നിത്യ ശുദ്ധമുക്ത മഹാത്മനേ
നാരായണയതീന്ദ്രായ തസ്മൈ ശ്രീ ഗുരവേ നമ :
മഹനീയ ചരിത്രായ മമതാരഹിതാത്മനേ
നാരായണയതീന്ദ്രായ തസ്മൈ ശ്രീ ഗുരവേ നമ :
ശിശരീ കൂര്‍വ്വതേ ശാന്തൈ : കടാക്ഷൈ : ശിക്ഷ്യ സഞ്ചയാന്‍
ബ്രഹ്മവിദ്യാകോവിദായ തസ്മൈ ശ്രീ ഗുരവേ നമ :
വാദിനാം വാദിനേ വാച യമാനാം മൗന ഭാജിനേ
സര്‍വ്വലോകാനുരൂപായ തസ്മൈ ശ്രീ ഗുരവേ നമ :
യസ്യന കല്പതേ സിദ്ധെ പാദാംബുജര ജോലവ :
നാരായണയതീന്ദ്രായ തസ്മൈ ശ്രീ ഗുരവേ നമ :
ശിവലിംഗദാസ സ്വാമികള്‍
(ഗുരുദേവന്റെ പ്രഥമ സന്യാസി ശിക്ഷ്യന്‍ )

Monday, 7 September 2015

ശിവഗിരിയിലെ മാതൃകാപാഠശാല


ഗുരുദേവന്‍ ആശ്രമജീവിതം തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ സ്ഥലത്തും നിശാപാഠശാലകളും സംസ്കൃതസ്കൂളുകളും സ്ഥാപിച്ചുവന്നിരുന്നു.അരുവിപ്പുറം,വര്‍ക്കല ശിവഗിരി,വര്‍ക്കല നെട്ടൂര്‍,ആലുവ എന്നിവിടങ്ങളില്‍ ഒക്കയും സ്കൂളുകള്‍ സ്ഥാപിച്ചു.വിദ്യാഭ്യാസമാണ് ജനങ്ങളെ പ്രബുദ്ധരാക്കുന്നത്.അതുകൊണ്ട് എല്ലാവരും വിദ്യാഭ്യാസം ചെയ്യണം.സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം കിട്ടാതെ വന്നാല്‍ സ്വന്തമായി പള്ളിക്കുടങ്ങള്‍ നിര്‍മ്മിക്കണം.കഴിവുള്ളവര്‍ അവിടെ പഠിപ്പിക്കണം എന്നതായിരുന്നു സ്വാമികള്‍ എല്ലായിടത്തും പറഞ്ഞിരുന്നത്.അങ്ങനെ ശിവഗിരിയിലും ഒരു മാതൃകാപാഠശാല ആരംഭിക്കുവാന്‍ ഗുരുദേവന്‍ തീരുമാനിച്ചു.
ശിവഗിരി ഹൈസ്കൂള്‍,ശിവഗിരി സെക്കന്ററി സ്കൂള്‍,ശിവഗിരി സെന്‍ട്രല്‍ സ്കൂള്‍,ശിവഗിരി കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം ഇന്ന് സ്ഥിതിചെയ്യുന്നത് ശ്രീനിവാസ പുരത്ത് ആണ്.ശ്രീനിവാസ റാവു എന്നാ വിദേശ ബ്രാഹ്മണന്‍ ശിവഗിരിയുടെ വടക്കേകുന്നില്‍ നാട്ടുകാരായ ജനങ്ങള്‍ക്ക്‌ വേണ്ടി ഒരു സ്കൂള്‍ തുടങ്ങിയിരുന്നു.ഒരിക്കല്‍ വൈകുന്നേരം വലിയൊരു കാറ്റിലും മഴയിലും ആ സ്കൂള്‍ തകര്‍ന്നുവീണു.അപ്പോഴേക്കും റാവു പാപ്പരായി കഴിഞ്ഞിരുന്നു.ആ പള്ളിക്കുടം പുനരുധരിക്കുവാന്‍ അയാള്‍ക്കായില്ല.താമസിയാതെ തന്നെ ആ പള്ളിക്കുടം ഇരുന്ന സ്ഥലം ഉള്‍പ്പെടെ ഗുരുദേവന്‍ റാവുവിന്റെ സ്ഥലങ്ങള്‍ ശിവഗിരിയിലേക്ക് വിലയ്ക്ക് വാങ്ങുകയുണ്ടായി.തകര്‍ന്നുപോയ ആ പള്ളിക്കുടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം പണികഴിപ്പിച്ചു അവിടെ ഒരു മാതൃകാവിദ്യാലയം സ്ഥാപിക്കുവാന്‍ തീരുമാനമായി.
ഗുരുദേവന്റെ 68 ആം ജന്മദിനമായിരുന്ന 1100 ചിങ്ങം 28 ന് (19 2 6 )തറകല്ലിട്ടു പണിതുടങ്ങുവാന്‍ തീരുമാനിച്ചു.സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ വെട്ടുകല്ല് കരിങ്കല്ലിനെ പോലെ ഉറപ്പുള്ളതും എന്നാല്‍ ഉദ്ദേശിക്കും വിധം വെട്ടിചെത്തിഎടുക്കുവാന്‍ സാധിക്കുംഎന്നതിനാലും അടിസ്ഥാനത്തില്ഐ നിന്നും കല്ലുകള്‍ വെട്ടിയാല്‍ മതിയെന്നും വിദഗ്ധര്‍ അഭിപ്രായപെട്ടു.കല്ലിടീല്‍ കര്‍മ്മത്തിലേക്കു ഒരു കല്ല്‌ വെട്ടിയെടുത്ത് പൂജ ചെയ്തുകഴിഞ്ഞ് അവിടെ അദ്ധ്യാപകരായി ജോലിചെയ്യുവാന്‍ താല്പര്യം ഉള്ളവരെയെല്ലാം കൊണ്ട് ഗുരുദേവന്‍ കല്ലില്‍ തൊടുവിച്ചു.അവിടുത്തെ ഒരു സൂക്ഷിപ്പുകാരനായിരുന്ന മുല്ലശ്ശേരി പപ്പുകുട്ടി ദൂരെ നില്‍ക്കുകയായിരുന്നു."നീയും വന്ന് കല്ലില്‍ പിടിക്ക് ,ഇ പള്ളിക്കുടം നിനക്കും കൂടിയുള്ളതാണ്" എന്ന് പറഞ്ഞ് ഗുരുദേവന്‍ അയാളെയും കല്ലില്‍തോടുവിച്ചു.(അയാള്‍ പിന്നീട് ആ സ്കൂളിലെ ജീവനക്കാരനായി 19 78 ല്‍ മരിക്കും വരെ പെന്‍ഷന്‍ വാങ്ങുകയും ചെയ്തു.)
ഭാവിയില്‍ രണ്ടുനില ആക്കുക എന്ന ഉദ്ദേശിചാണ് കെട്ടിടം പണികഴിപ്പിച്ചത്.മുന്‍വശത്ത് രണ്ടു നിലയില്‍ രണ്ടു ഗോപുരങ്ങള്‍ തീര്‍ക്കുകയുണ്ടായി.ഒന്ന് ഗുരുദേവന് വിശ്രമിക്കുവാനും മറ്റേത് ഓഫീസ് ആയിരുന്നു.കെട്ടിടം പണിതുടങ്ങിയത് മുതല്‍ ഗുരുദേവന്‍ പണിസ്ഥലത്തു നിന്നും മാറുകയുണ്ടായിട്ടില്ല.രാത്രിയിലും പകലും എല്ലാം കാല്‍നടയായും കാറിലും ഒക്കയും അവിടെ വന്നു വിശ്രമിക്കുക പതിവായിരുന്നു.മഹാകവി ഉള്ളൂര്‍ പലസമയങ്ങളിലും ഇവിടെവന്നു ഗുരുദേവനുമായി സംസാരിക്കുമായിരുന്നു.ഈ സ്കൂളിന്റെ പണിക്ക് ആവശ്യമായ പണം സംഭരിക്കുന്നതിനായി പരവൂര്‍,കൊല്ലം,കാര്‍ത്തികപള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ഗുരുദേവന്‍ പലവുരു യാത്ര ചെയ്തിരുന്നു.നടരാജഗുരു,എന്‍ ഗോപാലപിള്ള,എന്‍ കൃഷ്ണ പിള്ള,ആര്‍ ശങ്കരന്‍,കുറ്റിപ്പുഴ പരമേശ്വരന്‍ തുടങ്ങിയ പല പ്രമുഖരും ഇവിടെ അധ്യാപകര്‍ ആയി ഇരുന്നിട്ടുണ്ട്.ഈ സ്കൂളും പരിസരവും ഗുരുദേവനും വളരെ ഇഷ്ടപെട്ടിരുന്നു.
ശിവഗിരിയുടെ വടക്ക്കിഴക്കുള്ള വിശാലമായ കുന്നുകള്‍,രഘുനാഥന്‍,ശ്രീനിവാസന്‍ എന്നിങ്ങനെ പേരുള്ള വിദേശബ്രാഹ്മണന്‍ മാരുടെതായിരുന്നു.അതില്‍ ഏവര്‍ക്കും പരോപകാരിയും നല്ലവനുമായ ശ്രീനിവാസന്‍ എന്നയാളോട് ഒള്ള ആദരസൂചകമായിട്ടാണ്‌ ശിവഗിരിയുടെ വടക്കേകരയ്ക്ക്‌ ശ്രീനിവാസപുരം എന്ന പേര് നല്‍കിയിരിക്കുന്നത്."രായര്‍" എന്നായിരുന്നു നാട്ടുകാര്‍ അയാളെ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത്‌.അയാള്‍ നിന്നും വാങ്ങിയ സ്ഥലത്താണ് ശിവഗിരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നത്.



ഒരിക്കല്‍ രാത്രി ഒരു മണിക്ക് തൃപ്പാദങ്ങള്‍ എന്നെ വിളിച്ചു വണ്ടി ഇറക്കുവാന്‍ ആവശ്യപെട്ടു.ഗുരുദേവന്‍ കാറില്‍ കയറുമ്പോള്‍ ഒരു സന്യാസിയേയും കൂട്ടിയിരുന്നു.നേരെ കൊല്ലത്തിന് പോകുവാന്‍ പറഞ്ഞു.കൊല്ലത്ത് ചെല്ലുമ്പോള്‍ നേരെ റയില്‍വേ സ്റ്റേഷനിലേക്ക് പോകുവാന്‍ സ്വാമികള്‍ ആവശ്യപെട്ടു.വണ്ടി സ്റ്റേഷന് അകത്തേക്ക് കയറിയപ്പോള്‍ കൂടെയുണ്ടായിരുന്ന സന്യാസിയോട് എന്തോ പറഞ്ഞു.സന്യാസി സ്റ്റേഷന് ഉള്ളിലേക്ക് പോയി.അല്പം കഴിഞ്ഞപ്പോള്‍ പോലീസ്കാരും മറ്റ് ഉദ്യോഗസ്ഥരും യാത്രക്കാരും വന്ന് സ്വാമികളെ തൊഴുതു നമസ്കരിച്ചു.ഗുരുദേവന്‍ വന്നതറിഞ്ഞ് നിരവധി ആളുകള്‍ പെട്ടന്ന് വാഹനത്തിനു ചുറ്റുംകൂടി.കുറെ കഴിഞ്ഞപ്പോള്‍ ഏതാനും പോലീസ്കാര്‍ ശിവഗിരിയിലെ ഒരു പയ്യനെ ഒരു സഞ്ചി നിറയെ രൂപയുമായി ഗുരുദേവന്റെ അടുത്ത് കൊണ്ട് ഏല്‍പ്പിച്ചു.സന്യാസിയും ഒപ്പമുണ്ടായിരുന്നു.ഞങ്ങളുടെ ചുമതലതീര്‍ന്നു എന്നുപറഞ്ഞു അവര്‍ പിരിഞ്ഞുപോയി.എനിക്കൊന്നും ആദ്യം മനസിലായില്ല.
അന്ന് കോയിലോണ്‍ നാഷണല്‍ ബാങ്കിന്റെ കൊല്ലം ബ്രാഞ്ചിലായിരുന്നു ശിവഗിരിയിലേക്ക് ഒള്ള അക്കൗണ്ട്‌.അച്ചുദാനന്ദ സ്വാമികള്‍ ഒരു പയ്യന്‍ വശം 4000 രൂപയുടെ ചെക്ക് കൊടുത്തുവിട്ടു പണം എടുക്കുവാന്‍.ഒപ്പം ചെക്ക് ബുക്കും കൊടുത്താണ് വിട്ടത്.ചില്ലറ ആവശ്യങ് ഒള്ളതുകൊണ്ട് 100,10,5,1 എന്നീ കണക്കിനുള്ള നോട്ടുകള്‍ കൊണ്ടുവരുവാന്‍ ആണ് ആവശ്യപെട്ടു വിട്ടത്.രൂപ കൊണ്ടുവരുവാന്‍ അന്നത്തെ ഒരു ചണം കൊണ്ടുണ്ടാക്കിയ ഒരു സഞ്ചിയായിരുന്നു കൊടുത്തുവിട്ടത്.പണം എടുത്തു ഒരു പാത്രത്തില്‍ പൊതിഞ്ഞ് സഞ്ചിയിലിട്ടു അതുമായി അയാള്‍ കൊല്ലം പട്ടണം കാണുവാന്‍ അവിടം മുഴുവന്‍ കറങ്ങി നടന്നു.നേരം വൈകിയപ്പോള്‍ ആണ് തിരിച്ചു സ്റ്റേഷനില്‍ വരുന്നത്.പരവൂര്‍ ഭാഗത്തേക്ക് പാളത്തില്‍ പണി നടക്കുന്നതിനാല്‍ ആ ഭാഗത്തേക്ക് വണ്ടികള്‍ ഒന്നും പോകുന്നില്ല.ഈ പയ്യന്‍ പണവുമായി അങ്ങനെ കറങ്ങിനടക്കുന്നതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിളിച്ചു ചോദ്യം ചെയ്യുമ്പോള്‍ പണവും ചെക്ക് ബുക്കും കണ്ടു ശിവഗിരിയിലേതു ആണ് എന്ന് മനസിലാക്കി അവിടെ തടഞ്ഞുവൈക്കുകയായിരുന്നു. ഇ കാര്യം സ്വാമി തൃപ്പാദങ്ങള്‍ എങ്ങനെ മനസിലാക്കി എന്ന് ഇനിയും എനിക്ക് അറിവായിട്ടില്ല


കൊല്ലം പരവൂരിലെ ഒരു സമ്പന്ന വ്യവസായിയുടെ മകനായിരുന്നു കെ.കരുണാകരന്‍.ഇദ്ദേഹം മദ്രാസ് യൂനിവേര്‍സിറ്റിയില്‍ നിന്നും ബി.കോം പരീക്ഷ പ്രശസ്തമായ നിലയില്‍ പാസ്സാവുകയുണ്ടായി.അന്ന് തിരുവിതാംകൂറില്‍ ഈ പരീക്ഷ പാസ്സായവര്‍ അധികം ആരും ഉണ്ടായിരുന്നില്ല.സാധാരണയായി ആളുകളുടെ പേരിനു ശേഷമാണ് ബിരുദം ചേര്‍ക്കുക.എന്നാല്‍ കരുണാകരനെ സംബന്ധിച്ചിടത്തോളം അത് തിരിച്ചായിരുന്നു.അദ്ധേഹത്തെ ജനങ്ങള്‍ ബി.കോം കരുണാകരന്‍ എന്ന് വിളിച്ചുപോന്നു.ഗുരുദേവനുമായി വളരെ അടുപ്പമുള്ള ഒരു കുടുംബമായിരുന്നു കരുണാകരന്റെത്.മാറി മാറി വരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യവസായം അഭിവൃദ്ധിപ്പെടുത്തുന്നതിനായി സാങ്കേതിക വശങ്ങള്‍ പഠിക്കുവാന്‍ യൂറോപ്പില്‍ പോകുവാന്‍ കരുണാകരന് ആഗ്രഹമുണ്ടായി.മകന്റെ ആഗ്രഹം അച്ഛന്‍ കൃഷ്ണന്‍ മുതലാളി ഗുരുദേവനെ അറിയിച്ചപ്പോള്‍ വളരെ പ്രോത്സാഹജനകമായ മറുപടിയായിരുന്നു ലഭിച്ചത്.അങ്ങനെ ഇ ആവശ്യം മുന്‍നിര്‍ത്തി ബി.കോം കരുണാകരന്‍ യൂറോപ്പിന് കപ്പല്‍കയറി.ഫ്രാന്‍സും,ഇംഗ്ലണ്ടും സന്ദര്‍ശിച്ച ശേഷം അദ്ധേഹം ജര്‍മനിയിലേക്ക് പോയി.അവിടെ ചൈന ക്ലേ കൊണ്ട് പാത്രങ്ങളും മറ്റു സാധനങ്ങളും ഉണ്ടാക്കുന്നതിന്റെ സാങ്കേതിക വശങ്ങളെപറ്റി പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തില്‍ ചേര്‍ന്ന് പഠനം തുടങ്ങി.
അധെഹതോടൊപ്പം തദ്ദേശീയരും അല്ലാത്തവരുമായ വേറെയും പഠിതാക്കള്‍ ഉണ്ടായിരിന്നു.ആ കൂട്ടത്തില്‍ അന്നാട്ടുകാരിയായ ഒരു കുശഗാത്രിയുമുണ്ടായിരുന്നു.പ്രഭുകുമാരിയായ അവള്‍ വെറുതെ ഒരു നേരമ്പോക്കിന് വേണ്ടി പഠിക്കുവാന്‍ വന്നതായിരുന്നു അവിടെ.ആ മദാമ്മ പെണ്ണും ബി.കോം കരുണാകരനും തമ്മില്‍ പരിചയപെട്ടു.അവര്‍ ദിവസവും ഒരുമിച്ചുകൂടുകയും സംസാരിക്കുകയുമായി.ആ പരിചയം സ്നേഹമായി....സ്നേഹം പ്രേമമായി.ആ പ്രേമം അവസാനം ഇരുവരും വിവാഹിതരാകുവാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു.കരുണാകരന്‍ താനെ ആഗ്രഹം അറിയിച്ചുകൊണ്ട് അമ്മയ്ക്ക് കത്തെഴുതി.അമ്മ ഈ വസ്തുത അച്ഛനെ അറിയിക്കുകയുണ്ടായി.സായിപ്പിന്റെ ഭാഷ,പണം,വിദ്യ,അവരുണ്ടാക്കുന്ന സാധനങ്ങള്‍ എന്നിവയെല്ലാം ഇന്നാട്ടുകാര്‍ക്ക് സ്വീകാര്യമായിരുന്നെങ്കിലും അവരുമായുള്ള വിവാഹബന്ധത്തിനു ഇവിടുത്തെ സിറിയന്‍ ക്രിസ്തീയ സമുദായങ്ങള്‍ പോലും അന്ന് ഇഷ്ടപെട്ടിരുന്നില്ല.കൃഷ്ണന്‍ മുതലാളിക്കും ദേഷ്യമായി.തന്റെ മകം ഒരു ഹൂണപെണ്ണിനെ വിവാഹം കഴിക്കുകയോ ??? ഉടന്‍ പഠനം മതിയാക്കി വീട്ടിലേക്കു എത്തിചേരുവാന്‍ മകന് മുതലാളി നിര്‍ദേശം നല്‍കി കൊണ്ട് കമ്പി അയച്ചു.അച്ഛന്റെ സ്വഭാവം നന്നായി അറിയാവുന്ന കരുണാകരന്‍ ഒടനെ പഠനം മതിയാക്കി നാട്ടിലേക്ക് തിരിച്ചു.കാമുകിയോട് പോട്ടേ കൂട്ടുകാരോട് പോലും കരുണാകരന്‍ കാര്യങ്ങള്‍ ഒന്നും അറിയിച്ചില്ല.കാമുകി ക്ലാസ്സില്‍ എത്തി അന്വഷിച്ചപ്പോള്‍ ആണ് അറിയുന്നത് കരുണാകരന്‍ നാട്ടിലേക്ക് തിരിച്ചു പോയ വിവരം.
ഒരാളിലൂന്നിയ മനസ്വനിയുടെ മനസ്സ് ഒഴിവാക്കുന്നത് അശക്യമാണല്ലോ.തന്‍റെ കാമുകന്റെ മേല്‍വിലാസവും മറ്റു വിവരങ്ങളും നേരത്തെ മനസിലാക്കി വച്ചിരുന്ന കാമുകി മറ്റൊന്നും ആലോചിക്കാതെ ആവശ്യത്തിനുള്ള പണവും കരുതി താനെ സഹോദരനെയും കൂട്ടി ഇന്ത്യയിലേക്ക് തിരിച്ചു.കൊച്ചിയില്‍ കപ്പല്‍ ഇറങ്ങിയ അവര്‍ ഒരുവിധം തിരക്കിപിടിച്ചു കരുണാകരന്റെ പരവൂരിലെ വീട്ടിലെത്തി.കാമുകിയെ വിവാഹം ചെയ്യുവാന്‍ അയാള്‍ ഒരുക്കമാണ്.എന്നാല്‍ അച്ഛന്റെയും ബന്ധു ജനങ്ങളുടെയും എതിര്‍പ്പിനെ അവഗണിക്കുവാന്‍ അയാള്‍ക്കാവില്ലായിരുന്നു.എസ്.എന്‍.ഡി.പി യോഗത്തിലെ തലമുതിര്‍ന്ന പല നേതാക്കന്മാരും പലവിധം ശ്രമിച്ചിട്ടും കൃഷ്ണന്‍ മുതലാളി വഴങ്ങിയില്ല.അവസാനം ഇ കേസ് "സുപ്രീംകോടതി"യിലെത്തി.ഗുരുദേവ സന്നിധിയില്‍ വിധി ഏകപക്ഷീയമായിരുന്നില്ല.എന്നാല്‍ കമിതാക്കള്‍ക്ക് അനുകൂലവും.ജീവശാസ്ത്രപരമായ ഒരു സത്യം താര്‍ക്കികമായി വിശദീകരിച്ചുകൊണ്ടാണ് ഗുരുദേവന്‍ കരുണാകരന്റെ അച്ഛനെ ജാതി,വര്‍ണ്ണ,വര്‍ഗ്ഗ ഭേദങ്ങളുടെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തിയത്."ഒരു ജാതിയില്‍ നിന്നാല്ലോ പിറന്നീടുന്നു സന്തതി നരജാതി ഇതോര്‍ക്കുമ്പോള്‍ ഒരു ജാതിയിലുള്ളതാം" മനുഷ്യരെല്ലാം ഒരു ജാതിയില്‍ ഒള്ളവരാന്.ഒരു ജാതിയിലെ പെണ്ണിലേ ആ ജാതിയിലെ പുരുഷന് സന്തതി ഉണ്ടാകൂ.ഇവിടെ മനുഷ്യജാതിലെ ഒരു സ്ത്രീയും പുരുഷനുമാണ് വിവാഹിതരാവുന്നത്.അതില്‍ തെറ്റില്ല.പിന്നെ വിദ്യ,സംസ്കാരം,സമ്പത്ത് തുടങ്ങിയവയെല്ലാം ആവശ്യത്തിനുണ്ടല്ലോ.ഈ ദാമ്പത്യം ഒരു വിജയമായിരിക്കും.
ഗുരുദേവന്റെ ഈ തീരുമാനം എല്ലാവര്ക്കും സ്വീകാര്യമായി.ശിവഗിരിയില്‍ വച്ച് വിവാഹം നടത്തുവാന്‍ തീരുമാനമായി.സഹോദരന്‍ യൂറോപ്പിന് മടങ്ങി.ശിവഗിരിയില്‍ വച്ച് നടക്കുന്ന ആദ്യവിവാഹമായിരുന്നു അത്.ഗുരുദേവ സിദ്ധാന്തം പ്രാവര്‍ത്തികമാക്കുവാന്‍ കാക താലീകം ന്യായേന വന്നുഭവിച്ച ഒരു സംഭവം കൂടിയായിരുന്നു ഈ പാശ്ചാത്യ -പൌരസ്ത്യ സംഗമം.വിവാഹം വരേയും വധു ശിവഗിരിയില്‍ താമസിച്ചു.നിശ്ചയിച്ച ദിവസം വരാനും സംഘവും എത്തി.ഗുരുദേവന്റെ പാശ്ചാത്യ ശിഷ്യനായിരുന്ന കാര്‍ക്ക് സായിപ്പ് വധുവിന്‍റെ രക്ഷകര്‍ത്തുസ്ഥാനം വഹിച്ചു.മറ്റൊരു മഹത് വ്യക്തിയും വധുവിന്‍റെ പിന്നില്‍ അവരെ ആശംസിക്കുവാന്‍ നില്‍പ്പുണ്ടായിരുന്നു.തിരുവിതാംകൂര്‍ ദിവാന്‍ വാട്സ് അവര്‍കളായിരുന്നു അത്.വിവാഹം നടന്നു.ആശാന്‍റെ "അവ്യയന്‍ ശിവനുമാദി ദേവിയും " എന്ന മംഗള ശ്ലോകം ശാന്തിമാര്‍ ചൊല്ലി.(ആശാന്‍ അതിനുമുന്‍പ്‌ കഥാവശേഷനായിരുന്നു).ഗുരുദേവന്‍ ദമ്പതികളെ ആശീര്‍വദിച്ച് അനുഗ്രഹിച്ചു വിട്ടു.പിന്നീട് കേരളത്തിലെ അറിയപ്പെടുന്ന വ്യവസായിയായിരുന്നാല്ലോ ബി.കോം കരുണാകരന്‍.വ്യവസായ മേഖലയില്‍ ആ പരമ്പരയുടെ മേധാവിത്വം ഇന്നും തുടരുന്നു.
ബി.കോം കരുണാകരന്‍ ചില കാര്യങ്ങളില്‍ പിതാവിനേക്കാള്‍ കര്‍ക്കശക്കാരന്‍ ആയിരുന്നു.അദ്ധേഹത്തിന്റെ മകളെ അനന്തരവന്‍ ദയാനന്ദന്‍ ആയിരുന്നു വിവാഹം ചെയ്തത്.അവര്‍ ഇത്തിക്കരയില്‍ ഒരു ക്ലേ ഫാക്ടറി തുടങ്ങി.അന്ന് ദയനന്ദനും ഭാര്യയും ഗുരുകുലത്തിലെ നിത്യ സന്ദര്‍ശകരായിരുന്നു.തങ്ങളുടെ ഫാക്ടറിയില്‍ ഒണ്ടാക്കിയ ഗുരുദേവന്റെ ഒന്നേകാല്‍ അടി ഉയരമുള്ള ഒരു ക്ലേ പ്രതിമ ശ്രീ.ദയാനന്ദന്‍ ലേഖകന് നിര്‍മ്മിച്ച്‌നല്‍കുകയുണ്ടായി.അദ്ധേഹം ആ പ്രതിമ ഒരു നിധിപോലെ സൂക്ഷ

വര്‍ക്കല - സ്ഥലനാമം

ശിവഗിരി സേവാസമിതി's photo.

വള്‍ക്കലം വീണ സ്ഥലത്തെ വള്‍ക്കല എന്ന് വിളിക്കുകയും ആ പദം നിഷ്കര്‍ഷ കൂടാതെ ഉച്ചരിച്ച് വര്‍ക്കല ആയി എന്നൊരുകഥയുണ്ട്.ശ്രീ.കുമ്മംപള്ളില്‍ രാമന്‍പിള്ള ആശാന്റെ വര്‍ക്കല സ്ഥലമാഹത്മ്യത്തില്‍ പറയുന്ന കഥയാണിത്.ഒരിക്കല്‍ ബ്രഹ്മദേവന്‍ ദേവകള്‍ക്കൊരു ശാപം നല്‍കി.നിങ്ങള്‍ മനുഷ്യരായി ഭൂമിയില്‍ ജനിക്കട്ടെയെന്ന്.അനേകവര്‍ഷം അവിടെ തപസ്സുചെയ്തു ശാപമോചനം നേടുവാനും ബ്രഹ്മാവ്‌ അരുളിച്ചെയ്തു.ദേവന്മാരുടെ ദുഃഖം കണ്ട് മനസ്സലിവുതോന്നിയ നാരദമഹര്‍ഷി തന്റെ വള്‍ക്കലം എടുത്ത് ഭൂമിയിലേക്ക്‌ എറിയുകയും അത്ചെന്ന് വീണ സ്ഥലത്തെ വള്‍ക്കല എന്ന് വിളിക്കുകയുമുണ്ടായി.വള്‍ക്കലയില്‍ വന്നുജനിച്ച ദേവതകള്‍ വിഷ്ണുഭഗവാനെ ഭജിച്ചു.ഭഗവാന്‍ വൈകുണ്ഡനാഥന്‍ ജനാര്‍ദ്ദനനായി (ജനത്തിന്റെ ആര്‍ത്തിയെ -ദുഖത്തെ -തീര്‍ക്കുന്നവനായി) അവതരിച്ചു അവിടെ കുടികൊണ്ടു.ദേവതകള്‍ അവിടെ തപസ്സുതുടങ്ങി.അങ്ങനെ വള്‍ക്കല ഒരു തീര്‍ഥാടകകേന്ദ്രമായി കണ്വാശ്രമവുമൊക്കയും അവിടെയുണ്ടായി.കാലാന്തരത്തില്‍ വള്‍ക്കല വര്‍ക്കലയായി പരിണമിച്ചു.(ഈ ആത്മീയ കേന്ദ്രം തേടിയാണ് ഗുരുദേവനും അവസാനം വര്‍ക്കലയില്‍ എത്തിയത് എന്ന് പലരും പറയപ്പെടുന്നു).
പ്രസിദ്ധചരിത്രകാരനായിരുന്ന ശ്രീ.ഇളംകുളം കുഞ്ഞന്‍പിള്ളയും സംഘവും ഉണ്ണുനീലിസന്ദേശം എന്ന പ്രാചീന സന്ദേശകാവ്യത്തിന്റെ പശ്ചാത്തലത്തെപറ്റി പഠനം നടത്തുമ്പോള്‍ ഒരിക്കല്‍ വര്‍ക്കല ടി.ബി യിലും ശിവഗിരി സത്രത്തിലും വന്നുതാമസിക്കുകയുണ്ടായി.പ്രകൃതത്തില്‍ വര്‍ക്കലയെപറ്റി പരാമര്‍ശമുണ്ട്.അവിടുത്തെ മണ്ണ്,ജനങ്ങള്‍,അവരുടെ തൊഴില്‍,അവിടെ വളരുന്ന സസ്യങ്ങള്‍ എല്ലാം അതില്‍വിവരിക്കുന്നു.അതില്‍ സ്ഥലനാമം "ബാര്‍ക്കര" എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ബര്‍ക്കര എന്നാല്‍ വിനോദത്തിന്റെ നാട് എന്നാണ് അര്‍ത്ഥം.വര്‍ക്കല ഒരു സുഖവാസ കേന്ദ്രം കൂടിയാണ്.സമുദ്രസാമീപ്യം,തൊട്ടടുത്ത്‌ ചെറിയ കുന്നുകള്‍,എപ്പോഴും സുഖകരമായ കടല്‍കാററ്,ഔഷധവീര്യമുള്ള ശുദ്ധജലം.അങ്ങനെ വിനോദത്തിനും സുഖവാസത്തിനും മറ്റും വന്നവര്‍ നാളിയ പേരായിരിക്കണം ബര്‍ക്കര.
വര്‍ക്കലയിലെ ആദിമ നിവാസികളില്‍ അധികവും കുറവ വംശജര്‍ ആയിരുന്നു.ക്രമേണ മറ്റുവിഭാഗങ്ങള്‍ വാസമുറപ്പിച്ചതോട് കൂടി ഇവര്‍ പുറംതള്ളപ്പെട്ടു.ഗുരുദേവന്‍ വര്‍ക്കലയില്‍ വരുമ്പോള്‍ വര്‍ക്കല വെട്ടൂരില്‍ കുറവ സമുദായക്കാര്‍ക്ക് വേണ്ടി ഒരു നിശാപാഠശാല തുടങ്ങുകയുണ്ടായി.അവിടെ പഠിച്ച "ശങ്കു" എന്ന ഒരാള്‍ ഒരു വലിയ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാകുകയും ചെയ്തു.വര്‍ക്കല തുരപ്പിന്റെ മുകള്‍ ഭാഗത്തായിരുന്നു അയാളുടെ ഭവനം.അന്‍പതുകളില്‍ ലേഖകന്‍ വര്‍ക്കലയില്‍ വരുമ്പോള്‍ ഒരു കളി ആശാന്‍ അവിടെ താമസിച്ചിരുന്നു -അനന്തന്‍.അവര്‍ പാടുന്ന ഒരു പ്രശസ്തമായ ഗാനമാണ് "വര്‍ക്കര കടപ്പൊറത്തെ ഒരു മുക്കുവപ്പെ പെണ്ണ് ഒണ്ടേ ...മുട്ടോളം മുടിയുള്ള പെണ്ണാളെ " എന്ന് തുടങ്ങുന്നു ആ ഗാനം.ഈ ഗാനത്തിന്റെ പിന്നില്‍ ഒരു ദുഃഖകഥയുണ്ട്.മുട്ടോളം മുടിയുള്ള പെണ്ണും കൂട്ടാളികളും ചേര്‍ന്ന് ആടിപാടുന്നത് കാണാന്‍ ദൂരെസ്ഥലങ്ങളില്‍ നിന്ന്പോലും ആളുകള്‍ എത്തിയിരുന്നു.ഒരിക്കല്‍ തോണി തുഴഞ്ഞുവന്ന ഒരു ചെറുപ്പക്കാരന്‍ അവളുമായി പ്രേമത്തിലായി.അവന്‍ അവള്‍ക്കുകാഴ്ചകളുമായി വരും.അവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചു.അവള്‍ക്ക് ആഭരണങ്ങളും പുടവകളും ആയി വരാം എന്ന് പറഞ്ഞു അയാള്‍ യാത്രയായി.പിന്നീട്ഒരിക്കലും അയാള്‍ വന്നില്ല.കടല്‍ ക്ഷോഭത്തില്‍ അയാള്‍ മരിച്ചുപോയി.അവള്‍ മാത്രം അത് വിശ്വസിച്ചില്ല.അവനെയും കാത്തിരുന്ന് വാര്‍ദ്ധക്യം ബാധിച്ചു അവള്‍ മറിച്ച്.
പുരാണത്തില്‍ എന്നപോലെ സ്ഥലപുരാണത്തിലും സര്‍ഗ്ഗങ്ങള്‍,വംശനാശചരിതം,മന്വന്തരങ്ങള്‍ ഒക്കയും വേണം എന്ന് പലരും പറയപ്പെടുന്നു.ഇവിടെ വര്‍ക്കലയുടെ സ്ഥലപുരാണമല്ല ,സ്ഥലനാമം ആണ് കണ്ടെത്തുവാന്‍ ശ്രമിക്കുന്നത്.അപൂര്‍വ്വം ചരിത്രരേഖകളും ചരിത്രകാരന്‍മാരുടെ അഭിപ്രായങ്ങളും,കേട്ടുകേള്‍വികളും അത്വച്ചുള്ള നിഗമനങ്ങളും കൊണ്ട് സ്ഥലനാമം സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നു.പുതുതലമുറ കൂടുതല്‍ പഠനം നടത്തുവാന്‍ ഇത് പ്രേരകമാവട്ടെ.

Wednesday, 2 September 2015

ശ്രീനാരായണഗുരുദേവന്റെ ജീവിത ചരിത്രം

ആദ്യകാലത്തു നാണു ആശാന്‍(നാരായണന്‍ ആശാന്‍ എന്നതിന്‍റെ ഹ്രസ്വരൂപം) എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു ൧൮൫൪ ആഗസ്റ്റ് മാസം൨൦-ആണ് ഭൂജാതനായത്. അദ്ദേഹത്തിന്‍റെ പിതാവ് 'മാടന്‍ ആശാന്‍' ആയിരുന്നു. തന്‍റെ വീട്ടില്‍ സമ്മേളിക്കുന്ന ഗ്രാമവാസികള്‍ക്ക് പുരാണങ്ങള്‍ വായിച്ചു കേള്‍പ്പിക്കുകയും അര്‍ത്ഥംവിശദീകരിച്ചുകൊടുക്കുകയും പതിവായിരുന്നതിനാലാണ് 'ആശാന്‍' എന്നദ്ദേഹത്തെ വിളിച്ചുവന്നത്. തിരുവനന്തപുരത്തുനിന്ന് ൧൦ നാഴിക വടക്കുമാറിയുള്ള ചെമ്പഴന്തി ഗ്രാമത്തിലായിരുന്നു മാടനാശാന്‍റെ ഭവനം. പില്ക്കാലത്തു പ്രഖ്യാതനായിത്തീര്‍ന്ന നാരായണ ഗുരുവിന്‍റെ എളിയ പരിതഃസ്ഥിതിയിലുള്ള ജന്മത്തിനു സാക്ഷ്യം വഹിക്കുന്ന ഗൃഹം ഇന്നും പരിരക്ഷിക്കപ്പെട്ടുപോരുന്നുണ്‍ട്. മാതാവായ കുട്ടിയമ്മ ശാന്തപ്രകൃതയും, ഈശ്വരഭക്തയും, എന്തും എളുപ്പത്തില്‍ മനസില്‍ തട്ടുന്ന മട്ടുകാരിയും ആയിരുന്നു. നാണുവിനു ൨൦ വയസു തികയുന്നതിനുമുന്‍പു ആ സാദ്ധ്വി പരലോകം പ്രാപിച്ചു. വ്യാസമഹര്‍ഷിക്കു ജന്മം നല്‍കിയ ദാശപുത്രി സത്യവതിയെപ്പോലെ, പാരമ്പര്യത്തെക്കുറിച്ചൊ,സമ്പല്‍പ്രൌഢിയിക്കുറിച്ചൊ ഒന്നും അവകാശപ്പെടാന്‍ അവര്‍ക്കും ഉണ്‍ടായിരുന്നില്ല. അവരുടെ നന്‍മകള്‍ സഹജങ്ങളായിരുന്നു

പ്രായപൂര്‍ത്തിയെത്തിയതിനുശേഷം,പിതാവുനടത്തിവന്ന പുരാണ വ്യാഖ്യാനവും പാരായണവും നാണു ഏറ്റെടുത്തു. അപ്പൊഴേക്കും മലയാളവും, കുറച്ചൊക്കെ തമിഴും, പഠിക്കാന്‍ കഴിയുന്നേടത്തോളം കാവ്യം,നാടകം, വ്യാകരണം,അലങ്കാരം എന്നിങ്ങനെയുള്ള സംസ്കൃതപാഠങ്ങളും നാണു നേടിക്കഴിഞ്ഞിരുന്നു. അച്ഛനും മകനും, അങ്ങനെ,അന്നത്തെ പരിതഃസ്ഥിതി അനുവദിക്കുന്നിടത്തോളം പാണ്ഡിത്യമുള്ളവരായിരുന്നു. കുടുംബത്തിന്‍റെ ജീവിതമാര്‍ഗ്ഗമെന്ന നിലയില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും, 'ആശാന്‍' എന്ന സ്ഥാനം പാരമ്പര്യവഴിക്ക് തൊഴിലിനെ ആസ്പദിച്ചുതന്നെ വന്നുചേര്‍ന്നതാണ്. ആ നിലയ്ക്കു നാരായണന്‍റെ പശ്ചാത്തലം ഒരിടത്തരം കാര്‍ഷികകുടുംബത്തിന്‍റേതാണ് എന്നു പറയാം. ജ്യോതിഷം, ആയുര്‍വേദം തുടങ്ങിയ ശാസ്ത്രങ്ങളിലുള്ള അഭിരുചിയും സാംസ്കാരിക പാരമ്പര്യമായി സിദ്ധിച്ചിരുന്നു. നാണുവിന്‍റെ ഒരമ്മാവന്‍ ആയുര്‍വേദചികിത്സ തൊഴിലായിതന്നെ സ്വീകരിച്ചിരുന്നു. സങ്കുചിതവര്‍ഗ്ഗങ്ങളും ജാതികളും കൊണ്‍ടു വൈവിധ്യമാര്‍ന്ന ഇന്ന്നത്തെ കേരളത്തിന്‍റെ പ്രാഗ് കാലമെന്ന നിലയില്‍, നൂറുകണക്കിനു ജാതികളും ഉപജാതികളും നിറഞ്ഞ ആ സാമൂഹ്യചിത്രത്തെ ശരിക്കും മന്സ്സിലാക്കിയില്ലാത്തവരെ സംബന്ധിച്ചിടത്തോളം, നരായണ ഗുരുവിനെ, ഇപ്പോള്‍ പലരും ചെയ്യാറുള്ളതുപോലെ, പിന്നോക്കജാതിയില്‍പ്പെട്ട ഒരു 'ഈഴവന്‍' എന്നു വകതിരിച്ചു കാണിക്കുന്നത് തെറ്റിദ്ധാരണയ്ക്കിട നല്‍കുന്നതാവും. ഒരു കടങ്കഥപോലെ വൈവിദ്ധ്യം നിറഞ്ഞ കേരളത്തിന്‍റെ ശരിയായ ഒരു സാമൂഹ്യചരിത്രം സത്യസന്ധമായി എഴുതി ഉണ്‍ടാക്കുന്നതുവരെ വൈദേശികരായ കൊളോണിയല്‍ ഭരണക്കാരുടെയും കൃസ്ത്യന്‍ മിഷനറിമാരുടെയും സൌകര്യത്തിനായി ഓരോ പട്ടികയില്‍ ചേര്‍ത്തു വിളിച്ചുപോന്നിരുന്ന ജാതിപ്പേരുകള്‍ എന്നതില്‍ കവിഞ്ഞ് ഈ ജാതിനാമങ്ങള്‍ക്ക് ഒരര്‍ത്ഥവുമില്ല.

ബാല്യകാലത്ത് തടികുറഞ്ഞ്,കായികാഭ്യാസങ്ങള്‍ക്കു യുക്തമായ ശരീരപ്രകൃതിയായിരുന്നുവത്രെ നാണുവിനുണ്‍ടായിരുന്നത്. ഉന്നാം പിഴക്കാത്ത ആ ബാലന്‍,വീട്ടിനടുത്തുള്ള ഒരു കൂറ്റന്‍ മാവില്‍നിന്ന് മാങ്ങകള്‍ എളുപ്പത്തില്‍ എറിഞ്ഞുവീഴ്ത്തുമായിരുന്നു. വിദ്യാഭ്യാസകാലത്ത് തെറ്റില്ലാത്ത കൈയ്യക്ഷരവും,ഋജുവും പരിശുദ്ധവുമായ സ്വഭാവരീതികളുമാണു നാണുവിനുണ്‍ടായിരുന്നത്. അക്കാലത്തുപോലും ജാതിനിയമങ്ങളെ വിസ്മരിച്ചോ,കരുതിക്കൂട്ടി അതിലംഘിച്ചോ ഗ്രാമത്തിലെ എല്ലാ കുട്ടികളുമായും ആ ബാലന്‍ ഇടപഴകിയിരുന്നു എന്നു ജീവചരിത്രകാരന്‍മാര്‍ എടുത്തുപറയുന്നുണ്‍ട്. പാഠങ്ങള്‍ നാണുവിന് ഒട്ടും പ്രയാസമുള്ളതായിരുന്നില്ല. ഒരിക്കലും ശിക്ഷിക്കേണ്‍ടതില്ല, അങ്ങനെയൊരു ശിഷ്യനെയാണ് അദ്ധ്യാപകന്‍മാര്‍ അവനില്‍ കണ്‍ടത്. എന്നാല്‍ അദ്ദേഹത്തിന്‍റെ അന്വേഷണബുദ്ധിയാകട്ടെ എപ്പോഴും എല്ലറ്റിനെയും നിശിതമായി ചോദ്യം ചെയ്യുന്നതും, ഒരു ശാസ്ത്രജ്ഞന്‍റേതുപോലെ കാര്യകാരണങ്ങളെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തുവാന്‍ നിര്‍ബന്ധം പിടിക്കുന്നതുമായിരുന്നു. ഔഷധികളുടെ ഗുണവീര്യങ്ങള്‍ പലപ്പോഴും പരിശോധിച്ചു നോക്കിയിട്ടുള്ളത് സ്വശരീരത്തില്‍ത്തന്നെ അവയെ പ്രയൊഗിച്ചുനോക്കിയിട്ടായിരുന്നുവെന്ന് കേട്ടിട്ടുണ്‍ട്.
ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ നാണുവിന് സ്വന്തം പ്രവൃത്തിയും, സ്വന്തം ഗ്രാമത്തില്‍ ലഭ്യമായ വിദ്യാഭ്യാസവും അപര്യാപ്തമായി തോന്നി.

ഒരിക്കല്‍ ആരോടും പറയാതെ അദ്ദേഹം വീടുവിട്ട് ഇരുപതു നാഴിക വടക്കുള്ള ഒരു ഗ്രാമത്തിലേക്കു പോയി. വീട്ടിലെ വിശ്വസ്ഥനായ ഒരു വേലക്കാരനുവേണ്‍ടി ഏതാനും സമ്മാനങ്ങള്‍ അവനു ലഭിക്കത്തക്കവണ്ണം വച്ചിട്ടുണ്‍ടായിരിന്നത്രെ. തിരഞ്ഞുചെന്ന അമ്മാവന്‍ കണ്‍ടത് ചിറയിന്കീഴ് ഗ്രാമത്തില്‍ ഉപരിപഠനം നടത്തുന്നതായിട്ടാണ്. അവിടെനിന്നും അമ്മാവനൊതൊപ്പം മടങ്ങിവന്നെങ്കിലും, വീണ്ടും സംസ്കൃതം പഠിക്കണമെന്നുള്ള നി‍ര്‍ബന്ധത്തോടുകൂടി കായംകുളത്തിനടുത്തുള്ള പുതുപ്പള്ളി എന്ന സ്ഥലത്തു പോകുകയുണ്‍ടായി. അവിടെ വാരണപ്പള്ളി എന്ന പുരാതന കുടുംബത്തില്‍ വിദ്യാര്‍ത്ഥികളെ താമസിപ്പിച്ചു ഗുരുകുല സമ്പ്രദായത്തില്‍ പഠിപ്പിക്കുന്ന പതിവുണ്‍ടായിരുന്നു. അക്കാലത്ത് അവിടെ ശിക്ഷണം നല്‍കി വന്നിരുന്നത് ഒരു സുപ്രസിദ്ധ പണ്ഡിതനായിരുന്ന കുമ്മമ്പിള്ളി രാമന്‍പിള്ള ആശാനായിരുന്നു. ഒരു ഏകാദ്ധ്യാപക സ്ഥാപനമായ ഈ പാഠശാലയില്‍ രണ്‍ടുമൂന്നു ഡസന്‍ വിദ്യാര്‍ത്ഥികള്‍ക്കു അടുത്തു മറ്റെങ്ങും ലഭ്യമല്ലാതിരുന്ന ഉയര്‍ന്ന തരത്തിലുള്ള വിദ്യാഭ്യാസം നല്‍കപ്പെട്ടുവന്നു. പുരാതനേന്ത്യയിലെ വനാന്തര ഗുരുകുലങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അത്. ഭരണകൂടത്തിന്‍റെയോ സര്‍വ്വകലാശാലയുടെയോ സഹായമൊന്നുമില്ലാത്ത അത്തരം സ്ഥാപനങ്ങളാണ് ഇന്ത്യന്‍ സംസ്കാരപാരമ്പര്യത്തിന്‍റെ നട്ടെല്ലായിരുന്നിട്ടുള്ളത്. ഗുരു കോലായിലുള്ള തന്‍റെ പീഠത്തില്‍ ഇരുന്നുകൊണ്‍ട് പറഞ്ഞുകൊടുക്കുന്നത് അടുത്തിരുന്നു ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുവാനുള്ള പാകത്തില്‍ കെട്ടിയിരുന്ന ഒരോലക്കുടിലില്‍ ഇരുന്നു ശിഷ്യന്‍മാര്‍പാഠം കേള്‍ക്കുകയാണു പതിവ്. തലമുറകളെ കവച്ചുവച്ചുപോന്നിട്ടുള്ള ജ്ഞാനത്തിന്‍റെയും സംസ്കാരത്തിന്‍റെയും മുറിയാത്ത പ്രവാഹത്തെ നിലനിര്‍ത്തിപോന്നഇരുന്നത് ഇപ്രകാരമുള്ള ഗുരുക്കന്‍മാരുടെയും ശിഷ്യന്‍മാരുടെയുമിടയില്‍ ഉണ്‍ടായിരുന്ന സുദൃഢമായ പാരസ്പര്യമായിരുന്നു

ഈ വിദ്യാലയത്തിലെ ജീവിതം നാണുവിനൊഴിച്ചു മററാര്‍ക്കുംതന്നെ പ്രശാന്തമോ, അന്തര്‍മുഖത്വപ്രേരകമോ ആയിരുന്നില്ല. അന്നത്തെ സതീര്‍ത്ഥ്യരില്‍ പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യനും വെളുത്തേരി കേശവനാശാനും പിന്നീട് അവരുടെ സ്വന്തം രംഗങ്ങളില്‍ പ്രശസ്തരായി. അതുപോലെ പില്ക്കാത്ത് ഗുരുവിനോട് ഏറ്റവും ബന്ധപ്പെട്ട ഒരു മഹാത്മാവായിരുന്നു ചട്ടമ്പിസ്വാമികളെന്നു പിന്നീടു പ്രസിദ്ധനായിത്തീര്‍ന്ന കുഞ്ഞന്‍പിള്ള ചട്ടമ്പി. ഈ പേര് പഴയ തിരുവിതാംകൂറിലെ സംസ്കാരത്തേയും ഭാഷയേയുമ് വളരെ സ്വാധീനം ചെയ്തിരുന്ന തമിഴില്‍നിന്ന് ഉണ്‍ടായിട്ടുള്ളതായിരിക്കണം. ശിക്ഷണത്തിനു സഹായകമാകുന്ന ചട്ടമനുസരിച്ച് ഗുരുകുലത്തിലെ അച്ചടക്കം പാലിച്ചുപോന്നിരുന്ന ആളിനെയാണു ചട്ടമ്പി എന്നു വിളിച്ചു വന്നിരുന്നത്.തമിഴില്‍ 'ചട്ടം' എന്നു പറഞ്ഞാല്‍ നിയമം എന്നും, 'പിള്ള'എന്നു പറഞ്ഞാല്‍ അധികാരിയെന്നുമാണ് അര്‍ത്ഥം. നാണു അസാധാരണമായ ഉള്‍വലിവോടുകൂതി ജിവിച്ചിരുന്ന അത്യന്തം സരളസ്വഭാവമുള്ള ഒരു ശാന്തനായിരുന്നു. ആ ജീവിതത്തിന്‍റെ അടിയൊഴുക്കു ഭക്തിനിര്‍ഭരമായിരുന്നു. എന്നാല്‍ തന്‍റെ സതീര്‍ത്ഥ്യരാകട്ടെ ഒന്നിനെയും സാരമാകുന്ന പ്രകൃതമുള്ളവരായിരുന്നില്ല. കടലില്‍സഞ്ചരിക്കുന്നവരുടെ ഒരു സാഹസിക മനോഭാവം അവരില്‍ തെളിഞ്ഞു കാണാമായിരുന്നു. വര്‍ഗ്ഗപരമായി നോക്കുന്നതായാല്‍ ഇവര്‍ക്കു ദക്ഷിണസാഗരദ്വീപുകളിലെ ജനങ്ങളുമായി വേഴ്ചയുണ്ടായിരുന്നു എന്നു പറയാം. അവരുടെ പ്രകൃതവുമായി ഒരിക്കലും പൊരുത്തപ്പെടാത്ത നാണുവിനെ അവര്‍ അതുകൊണ്‍ട് എപ്പോഴും പരിഹാസത്തിന് പാത്രമാക്കിയെങ്കില്‍ അതില്‍ ഒട്ടും അത്ഭുതപ്പെടുവാനില്ല. ഈ യുവാക്കന്‍മാരായ സതീര്‍ത്ഥ്യരുടെ ചാപല്യം അതിരു കടന്നു പോകാതെ നോക്കുവാന്‍ അക്കുടുംബത്തിലെ പ്രധാനിയായ കാരണവര്‍ ശ്രദ്ധവച്ചിരുന്നു. നാണു അധികസമയവും ഗ്രന്ഥപാരായണത്തില്൬ത്തന്നെ മുഴുകിയിരിക്കും.

തനിക്കു വേഴ്ചയുണ്‍ടായിരുന്നത് വളരെ കുറച്ചുപേരോടുമാത്രം. അതു പലപ്പോഴും എല്ലാവരാലും വിഗണിക്കപ്പെട്ടിരുന്ന ഭൃത്യനോടോ പശുപാലകനോടോ ആയിരിക്കുകയും ചെയ്യും. ബാലിശങ്ങളും ഉപരിപ്ലവങ്ങളുമായ കാര്യങ്ങളെ വിട്ട്, അഗാധ കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കുന്ന സാത്വികരുമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ സഹവാസം. ഒരിക്കല്‍ അദ്ദേഹം വാരണപ്പള്ളിയിലെ ഒരു ലതാനികുഞ്ജത്തില്‍ ധ്യാനലീനനായിരിക്കുമ്പോള്‍ സമാധിസ്ഥനായിത്തീരുകയും, വളരെ നേരത്തേക്കു ബാഹ്യപ്രജ്ഞ മറഞ്ഞുപോവുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ പിന്നീടു ചിരസ്ഥായിയായിത്തീര്‍ന്ന ഗൂഢാവബോധത്തിന്‍റെ പ്രാരംഭദശയായി ഇതിനെ കണക്കാക്കാവുന്നതാണ്. അന്നു താന്‍ അനുഭവിച്ച ആത്മനിര്‍വൃതിയുടെ ഒരു ഏകദേശരൂപം മനസ്സിലാക്കുവാന്‍ ഗുരു തന്നെ ആ അവസരത്തില്‍ രചിച്ച ഒരു പദ്യശകലം സഹായകമാകുമെന്നു കരുതി താഴെ ചേര്‍ക്കുന്നു:
ഭുയോവൃത്തി നിവൃത്തിയായ് ഭുവനവും സത്തില്‍ തിരോഭൂതമായ്
പീയൂഷധ്വനി ലീനമായ് ചുഴലവും ശോഭിച്ചു ദീപപ്രഭ;
മായാമൂടുപടം തുറന്നു മണിരംഗത്തില്‍ പ്രകാശിക്കുമ-
ക്കായാവിന്‍ മലര്‍മേനി കൌസ്തുഭമണിഗ്രീവന്‍റെ ദിവ്യോത്സവം.