Tuesday 11 October 2016

ആലുവ അദ്വൈതാശ്രമത്തില് 1921 മെയ് 15-ന് ശ്രീനാരായണ ഗുരുദേവന്റെ അദ്ധ്യക്ഷതയില് നടന്ന സമസ്തകേരള സഹോദര സമ്മേളനവും പോലീസ് റിപ്പോര്ട്ടുകളും

മിശ്രഭോജന സന്ദേശം
ജാതീയമായ വ്യത്യാസങ്ങള് ഇല്ലാതാക്കുന്നതിലേക്ക് സഹോദരന് അയ്യപ്പന്റെ നേതൃത്വത്തില് രൂപീകൃതമായ സമസ്തകേരള സഹോദരസംഘം വിപ്ലവകരമായ സാമൂഹിക പരിവര്ത്തനങ്ങള്ക്ക് നാന്ദി കുറിച്ചു. ജാതിക്കെതിരായ പോരാട്ടത്തില് സഹോദരസംഘത്തിന്റെ മുഖ്യകര്മ്മപരിപാടി നാടിന്റെ വിവിധ ഭാഗങ്ങളില് മിശ്രഭോജനം സംഘടിപ്പിക്കുക എന്നതായിരുന്നു. 1917 മെയ്മാസം 29-ാം തീയതി തന്റെ ജന്മനാടായ ചെറായിയില്വെച്ച് സഹോദരന് അയ്യപ്പന് മിശ്രഭോജനത്തിന് തുടക്കം കുറിച്ചു. ജാതിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള സഹോദരസംഘത്തിന്റെ ഈ കര്മ്മപരിപാടികള് യാഥാസ്ഥിതികരുടെ ഭാഗത്തുനിന്നും ശക്തമായ എതിര്പ്പിന് കാരണമായി. പക്ഷേ എതിര്പ്പുകളേയും അതു മൂലമുണ്ടായ തിക്താനുഭവങ്ങളെയും ഗണ്യമാക്കാതെ സഹോദരസംഘം പ്രവര്ത്തനപരിപാടികളുമായി മുന്നോട്ടുപോയി. ഇരുവിഭാഗക്കാരും തമ്മിലുള്ള ഈ പ്രശ്നം രൂക്ഷമായപ്പോള് ഇരുകൂട്ടരും ഇക്കാര്യത്തില് അവരവര്ക്കുള്ള പരാതികളും ആവലാതികളും ഗുരുദേവ സന്നിധിയില് ബോധിപ്പിച്ചു. ഈ സന്ദര്ഭത്തില് അവിടുന്നു തൃക്കൈകൊണ്ട് തന്നെ എഴുതി സഹോദരന് അയ്യപ്പനെ ഏല്പ്പിച്ച ചരിത്രപ്രസിദ്ധമായ മിശ്രഭോജന സന്ദേശം ഇതാണ്.
sahodaran-ayyappante-janma-griham-1
”മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയായിരുന്നാലും അവരുടെ ജാതി ഒന്നാ യതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല.”
-നാരായണഗുരു
sahodaran-ayyappan
ആലുവ അദ്വൈതാശ്രമത്തിന്റെ ഭാഗമായിരുന്ന സംസ്കൃതപാഠശാലാങ്കണത്തില്വെച്ച് (ഇന്നത്തെ ആലുവ എസ്.എന്.ഡി.പി. സ്കൂള്) 1921 മെയ് 15ന് വിളിച്ചുചേര്ത്തതായ സമസ്ത കേരള സഹോദരസംഘത്തിന്റെ വാര്ഷികസമ്മേളനത്തില് ഈ സന്ദേശം വിളംബരം ചെയ്യപ്പെട്ടു.
sahodaran-ayyappante-janma-griham-2
‘മഹാസന്ദേശം’ എന്ന പേരില് ഗുരുദേവന്റെ വര്ണ്ണചിത്രം ആലേഖനം ചെയ്ത 12 പേജ് വരുന്ന ഒരു കൊച്ചുപുസ്തകരൂപത്തിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഉള്ളില് ഗുരുദേവന്റെ കൈയ്യക്ഷരത്തിലുള്ള സന്ദേശവും അതിന്റെ ചെറിയ വ്യാഖ്യാനവും ചേര്ത്തിരുന്ന ഈ ലഘുഗ്രന്ഥം സൗജന്യമായാണ് എല്ലാവര്ക്കും വിതരണം ചെയ്തത്.
സമസ്തകേരള സഹോദര സമ്മേളനം സംഘടിപ്പിക്കുന്നതിനായി സഹോദരന് അയ്യപ്പന് അയച്ചതായ ക്ഷണക്കത്ത്.
aluva_sanskrit_padasala-1
സഹോദരസംഘം ഓഫീസ് പള്ളിപ്പോര്ട്ട് 1096 മേടം 15-ാം തീയതി
1096 എടവം 2-ാം തീയതി (1921 മെയ് 15-ാം തീയതി) ഞായറാഴ്ച ഒരു മണിക്ക് ആലുവ സംസ്കൃതപാഠശാല കെട്ടിടത്തിന്റെ മുന്ഭാഗത്ത് വിശാലമായി കെട്ടിയിട്ടുള്ള കെട്ടിടത്തില്വെച്ചു ഒരു സമസ്തകേരള സഹോദരസമ്മേളനം നടക്കുന്നതാകയാല് അതിന്നു നിങ്ങളുടെ സാന്നിദ്ധ്യത്തെക്കൂടി സവിനയം അര്ത്ഥിച്ചുകൊള്ളുന്നു. ബ്രഹ്മശ്രീ നാരായണഗുരുസ്വാമി തൃപ്പാദങ്ങള് അദ്ധ്യക്ഷ്യം വഹിക്കാമെന്നു സദയം സമ്മതിച്ചിട്ടുണ്ട്. കേവലം സാമുദായികവും മതസംബന്ധവുമായ കാര്യങ്ങളല്ലാതെ രാഷ്ട്രീയമായി യാതൊന്നും സഭയില് പ്രതിപാദിക്കുന്നതല്ല. കേരളത്തിന്റെ നാനാഭാഗങ്ങളില് നിന്നും പല മാന്യന്മാരും സഭയ്ക്കു സന്നിഹിതരാകുന്നതും പല യോഗ്യന്മാരുടെ പ്രസംഗങ്ങള് ഉണ്ടായിരിക്കുന്നതുമാണ്.
എന്ന്,
വിധേയന്
കെ. അയ്യപ്പന് (ഒപ്പ്)
സെക്രട്ടറി
(കേരള ആര്ക്കൈവ്സ് ന്യൂസ്ലെറ്റ് ത്രൈമാസിക 1976 മാര്ച്ച്, ജൂണ് ലക്കം)
sahodaran-ayyappante-janma-griham-3
മെയ് 15-ന് നടന്ന ഈ സമ്മേളനത്തെക്കുറിച്ച് തിരുവിതാംകൂര് പോലീസ് കമ്മീഷണര്ക്ക് വ്യത്യസ്തരായ രണ്ട് പോലീസ് ഉദ്യോഗസ്ഥര് തികച്ചും വ്യത്യസ്തങ്ങളായ രണ്ട് രൂപത്തിലുള്ള റിപ്പോര്ട്ടുകള് തയ്യാറാക്കി അയച്ചിരുന്നതായി കാണുന്നുണ്ട്. ആ റിപ്പോര്ട്ടുകള് താഴെ കൊടുക്കുന്നു.
aluva_sanskrit_padasala-2
1. കോട്ടയം ഡി.എസ്.പി. തയ്യാറാക്കി അയച്ച റിപ്പോര്ട്ട്
കമ്മീഷണര്ക്ക്,
1921 മെയ് 15ന് ഈഴവപ്രസ്ഥാനത്തിന്റെ ആസ്ഥാനമായ ആലുവ അദ്വൈതാശ്രമം ഗ്രൗണ്ടില് ചേര്ന്ന അതിപ്രധാനമായ ഒരു യോഗത്തിന്റെ വിവരണം ഇതുസഹിതം അയക്കുന്നു. ഈഴവരുടെ ആദ്ധ്യാത്മിക നേതാവായ ശ്രീനാരായണഗുരു തന്നെയാണ് യോഗത്തില് അദ്ധ്യക്ഷത വഹിച്ചത്. വളരെ പ്രാധാന്യമുള്ള ഒരു പ്രഖ്യാപനം അവിടെ അദ്ദേഹം നടത്തി. എല്ലാ മനുഷ്യരും ഒരു ജാതിയില് നിന്നു പിറന്നവരാകയാല് മിശ്രഭോജനത്തിനും മിശ്രവിവാഹത്തിനും യാതൊരു തടസ്സവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘മഹത്തായ സന്ദേശം’ എന്ന ശീര്ഷകത്തില്, ഗുരുവിന്റെ സ്വന്തം കൈപ്പടയില്, അച്ചടിച്ചിട്ടുള്ള ഈ പ്രഖ്യാപനം അടങ്ങുന്ന ഒരു ലഘുലേഖ യോഗത്തില് വിതരണം ചെയ്യപ്പെടുകയുണ്ടായി. ഈ സിദ്ധാന്തം വിശദീകരിക്കുന്ന, ഗുരുവിന്റെ ചിത്രത്തോടുകൂടിയ ഒരു ചെറുപുസ്തകവും വിതരണം ചെയ്തു. ഹൈന്ദവ സാമൂഹ്യസമ്പ്രദായത്തിന്റെ എല്ലാ അടിസ്ഥാനതത്ത്വങ്ങള്ക്കും വിരുദ്ധമാണ് ഈ പുതിയ സിദ്ധാന്തം. ഹൈന്ദവ സാമൂഹ്യ സമ്പ്രദായങ്ങള് നിര്മ്മാര്ജ്ജനം ചെയ്യുന്നതിലേക്ക് ഈഴവര് ഒരു സംഘടിത സമരം നടത്താന് പോകുന്നുവെന്നത്രേ ഈ പ്രഖ്യാപനത്തില് അന്തര്ഭവിച്ചിട്ടുള്ള പ്രാധാന്യം. ഈഴവര് തിങ്ങിപ്പാര്ക്കുന്ന ചേര്ത്തല, വൈക്കം താലൂക്കുകളില് ഈ സിദ്ധാന്തം പ്രചരിപ്പിക്കുന്നതിന്റെ ആഘാതം എന്തായിരിക്കുമെന്ന് അങ്ങേക്ക് നിഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്. പ്രക്ഷോഭണം തുടരുകയാണെങ്കില് ഈ രണ്ടു താലൂക്കുകളിലും കരുതല്നടപടി എന്ന നിലയില് സുശക്തമായ പോലീസ് സേനയെ നിര്ത്തേണ്ടതും അതിനുവേണ്ടി വരുന്ന ചെലവ് എല്ലാ ജാതിക്കാരില് നിന്നും ഈടാക്കേണ്ടതുമാണെന്ന് ഞാന് വിശ്വസിക്കുന്നു.
ഡി.എസ്.പി. കോട്ടയം
(ഗ്രന്ഥം: സഹോദന് അയ്യപ്പന് ഗ്രന്ഥകാരന്: സി. കെ. ഗംഗാധരന് )
aluva_sanskrit_padasala-3
2. ആലുവ പൊലിസ് ഇന്സ്പെക്ടര് തയ്യാറാക്കി അയച്ച റിപ്പോര്ട്ട്
കമ്മീഷണര്ക്ക്.
ഈഴവ സമുദായം വകയായുള്ള അദ്വൈതാശ്രമം സംസ്കൃതവിദ്യാലയം വളപ്പില് 1096 ഇടവം രണ്ടാം തീയതി (1921 മെയ് 15) ഉച്ചതിരിഞ്ഞ് പള്ളിപ്പുറം ‘സഹോദരസംഘ’ത്തിന്റെ ആഭിമുഖ്യത്തില് പൊതുസമ്മേളനം കൂടുകയുണ്ടായി എന്ന വിവരം ഇതിനാല് സമക്ഷത്തിലേക്ക് റിപ്പോര്ട്ട് ചെയ്തുകൊള്ളുന്നു. ആദ്യം ശ്രീനാരായണ ഗുരു സ്വാമിയും അതില്പ്പിന്നെ, കൊച്ചിയില് ഒരു മുന്സിഫ് ആയ മി. അയ്യാക്കുട്ടിയും അദ്ധ്യക്ഷം വഹിച്ച ഒരു പൊതുയോഗമായിരുന്നു അത്. സദസ്യരില് അധികഭാഗവും തിരുവിതാംകൂറിലേയും കൊച്ചിയിലേയും മലബാറിലേയും വിവിധ ഭാഗങ്ങളില് നിന്നെത്തിച്ചേര്ന്ന ഈഴവരായിരുന്നു. തലവടിയിലെ അയ്യപ്പന്പിള്ള കേരള കൗമുദി പത്രത്തിന്റെ പത്രാധിപരായ, കൊല്ലത്തെ സി.വി. കുഞ്ഞുരാമന്, മൈസൂരിലെ ഡോ. പല്പ്പുവിന്റെ മകനായ നടരാജന്, ദേശാഭിമാനി പത്രത്തിന്റെ മാനേജര് കെ. പത്മനാഭന്, എറണാകുളത്തെ ഒരു വക്കീലായ എം.കെ. രാമന് എന്നിവരും വടകര രുക്മിണി എന്നു പേരായ ഒരു സ്ത്രീയും ആയിരുന്നു പ്രാസംഗികര്. ഹിന്ദുമതത്തെക്കുറിച്ചും അധഃകൃതവര്ഗ്ഗങ്ങളുടെ ഉദ്ധാരണത്തെപ്പറ്റിയും മിശ്രവിവാഹങ്ങളുടെയും മിശ്രഭോജനങ്ങളുടെയും ആവശ്യത്തെ സംബന്ധിച്ചും അവര് സംസാരിച്ചു. ജാതിസമ്പ്രദായം ആചരിക്കാതിരിക്കേണ്ട കാര്യവും അവര് ഊന്നിപ്പറഞ്ഞു. മി.സി.വി. കുഞ്ഞുരാമന് പ്രസംഗമദ്ധ്യേ മി. ഗാന്ധിയുടെ പ്രസ്ഥാനത്തെ ഒന്നു സ്പര്ശിക്കുകയുണ്ടായി. പക്ഷേ, സഹോദരസംഘം സെക്രട്ടറി മി. കെ. അയ്യപ്പന് ഉടന്തന്നെ സ്വീകാര്യമായി അദ്ദേഹത്തെ വിലക്കി. മി. ഗാന്ധി ഉദ്ദിഷ്ടഫലം നേടുന്നുവെങ്കില് അതു എല്ലാവര്ക്കുമൊരു അനുഗ്രഹമായിരിക്കും എന്നാണ് സി.വി. പറഞ്ഞത്. അദ്ദേഹം ഉടനെ വിഷയം മാറ്റി. പ്രാധാന്യമുള്ള മറ്റൊന്നും ശ്രദ്ധിക്കത്തക്കതായുമില്ല.
സമക്ഷം സമര്പ്പിച്ചുകൊള്ളുന്നു.
ഒപ്പ്
03.101096
(ആലുവ ഇന്സ്പെക്ടര് ഓഫ് പൊലീസ്)

No comments:

Post a Comment