Thursday, 14 January 2016

ഗുരുദേവന്‍റെ ദിനചര്യ

ഗുരുദേവന്‍റെ ദിനചര്യ
തൃപ്പാദങ്ങള്‍ അധികവും ഉറങ്ങാറില്ലായിരുന്നു.ഉറക്കം കുറവായിരുന്നു എന്നാണറിവ്.പാറപ്പുറങ്ങളില്‍,നദിക്കരയില്‍,സമുദ്രതീരങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഏകാന്തതയില്‍ മണിക്കൂറുകളോളം ധ്യാനത്തിലോ ദ്രിശ്യങ്ങള്‍ വീക്ഷിച്ചോ ചലനമറ്റപോലെ ദീര്‍ഘനേരം ഇരിക്കുമായിരുന്നു.
തൃപ്പാദങ്ങളുടെ ഗൃഹസ്ഥശിക്ഷ്യനായിരുന്ന സുബ്രഹ്മണ്യന്‍ പോറ്റി (ശ്രീനാരായണപുരം ക്ഷേത്രത്തിലെ തുപ്പന്‍ പോറ്റി) ഒരിക്കല്‍ പറഞ്ഞത് ഗുരുദേവന്‍റെ സമാധിക്കു ശേഷം തനിക്കും ഉറക്കം കുറവായിരുന്നു എന്നാണ്.അതിനെ അദ്ധേഹം പറഞ്ഞ കാരണം ഗുരുദേവന്‍റെ ചൈതന്യത്തെ താന്‍ ആവാഹിച്ചുപൂജിക്കുകയാണ് എന്നാണ്.ഒരു ദേവതയുടെ സ്വഭാവമായിരിക്കും അതിന്‍റെ ഭക്തനും സ്വാമിയെ താന്‍ ദേവനായിട്ടാരാധിക്കുവാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സ്വാമികളുടെ പല സ്വഭാവങ്ങളും തന്നില്‍ അനുഭവപ്പെടുകയായിരുന്നു.വര്‍ക്കലയില്‍ മിക്കവാറും സമുദ്രതീരത്തായിരിക്കും രാത്രികാലങ്ങളില്‍ ചെന്നിരിക്കുക.അരുവിപ്പുറത്ത് മലമുകളിലോ ചിലപ്പോള്‍ നദീതീരത്തോ ആയിരിക്കും.ആലുവായിലും പുഴക്കരയിലോ ചിലപ്പോള്‍ കുറച്ചകലെയുള്ള ശ്രീനാരായണ ഗിരി എന്നറിയപ്പെടുന്ന കുന്നിലോ പോയിരിക്കുമായിരുന്നു.
ഗുരുദേവന്‍ പല്ല് തേയ്ക്കുവാന്‍ ഉപയോഗിച്ചിരുന്നത് അരയാലിന്റെയോ വേപ്പിന്റെയോ കമ്പ് ചതയ്ച്ചായിരുന്നു.അല്പം കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത ഉമിക്കരിയും ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചിരുന്നു.രാവിലെ പ്രാഥമിക കൃത്യങ്ങള്‍ക്ക് പുറപ്പെടുമ്പോള്‍ കമന്ടലുവില്‍ വെള്ളവുമായി അന്തേവാസികള്‍ പിന്നാലെ പോകുമായിരുന്നു.കുറേ ചെല്ലുമ്പോള്‍ സ്വാമികള്‍ തിരിഞ്ഞു ഒന്ന് നോക്കും,അപ്പോള്‍ പിന്തുടരുന്നവര്‍ കമന്ടലുവും വെള്ളവും അവിടെ വൈയ്ക്കും.ഗുരുദേവന്‍ അത് എടുത്തുകൊണ്ടു കുറേക്കൂടി വിജനമായ ഒരു സ്ഥലത്ത് എത്തി ഒരു കുഴിയുണ്ടാക്കി അതില്‍ മലമൂത്രവിസര്‍ജ്ജനം നടത്തി മണ്ണിട്ടുമൂടുമായിരുന്നു.അന്ത്യകാലങ്ങളില്‍ മറ്റുള്ളവര്‍ തന്നെ കുഴിയുണ്ടാക്കി കൊടുത്തിരുന്നു.ദിവസം രണ്ടുനേരം (അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മൂന്ന് നേരം) ഗുരുദേവന്‍ കുളിച്ചിരുന്നതായിട്ടാണ് അറിവ്.തലയില്‍ കാച്ചിയ എണ്ണയും ദേഹത്ത് തൈലവും ആയിരുന്നു പുരട്ടിയിരുന്നത്.പുറത്ത് മറ്റുള്ളവരെക്കൊണ്ട് ചിലപ്പോള്‍ തൈലം പുരട്ടിക്കുമായിരുന്നു.യാത്രാവേളകളില്‍ മറ്റു വീടുകളില്‍ ചെന്ന് താമസിക്കുമ്പോള്‍ കലേക്കൂട്ടി മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ ദൂരെ എവിടെയെങ്കിലും പോയി പ്രാഥമികകൃത്യങ്ങളും കുളിയും നടത്തിവരുമായിരുന്നു.തന്നെ പരിചരിച്ചു കഴിയുന്നവരും രണ്ടുനേരത്തില്‍ കുറയാതെ അടിച്ചുനനച്ചുകുളിക്കണം എന്നത് ഗുരുദേവന് വളരെ നിര്‍ബന്ധമായിരുന്നു.ശുചിത്വം ഇല്ലാത്തത് കൊണ്ടാണ് ശരീരത്തില്‍ ഈച്ചയും,കൊതുകളും ഒക്കയും വന്നു പറ്റുന്നത് എന്ന് ഗുരുദേവന്‍ പറഞ്ഞിരുന്നു.
ഒരിക്കല്‍ മാമ്പലം വിദ്യാനന്ദസ്വാമികളും ഗുരുദേവനും കൂടി ഒരു വനപ്രദേശത്ത് ചെന്ന് കഴിയുമ്പോള്‍ വിദ്യാനന്ദ സ്വാമികളെ കുറേ കൊതുകുകള്‍ കടിച്ചു.അദേഹം ചൊറിയുന്നത് കണ്ടിട്ട് ഗുരുദേവന്‍ ഇങ്ങനെ പറഞ്ഞു - ഇങ്ങനെ ചൊറിയരുത് ദേഹത്ത് തൊലി പോറ്റി രക്തം വരും.അത് പഴുത്തു വൃണം ആകും.അപ്പോള്‍ കൂടുതല്‍ കൊതുകുകളും ഈച്ചകളും വന്നു ശല്യം ചെയ്യും.കൊതുകുകള്‍ കടിച്ചാല്‍ കഴിവതും നല്ലചൂടുവെള്ളത്തില്‍ ദേഹം കഴുകുക.അപ്പോള്‍ ശരീരത്ത് ബാധിച്ച കൊതുകിന്‍റെ വിഷം മാറിക്കൊള്ളും.മാത്രമല്ല ദേഹം കഴുകുമ്പോള്‍ ശരീരത്തെ അഴുക്കും ദുര്‍ഗന്ധവും നഷ്ടപ്പെടുകയും ചെയ്യുന്നു.ഗുരുദേവന്‍ ഇഞ്ച പതപ്പിച്ച് ദേഹത്ത് തേച്ചാണ് മെഴുക്കിയിരുന്നത്.ചിലപ്പോള്‍ പയറിന്റെ പൊടിയും തേച്ചിരുന്നു.യാത്രാവേളയില്‍ ചില പച്ചിലകള്‍ ഞെരുടി തലയിലും ദേഹത്തും തേച്ചാണ് കുളിച്ചിരുന്നത്.(വിദ്യാനന്ദ സ്വാമികളുടെ കുറിപ്പ്).
രണ്ടാഴ്ചയില്‍ ഒരിക്കല്‍ ആയിരുന്നു ഗുരുദേവന് ഷൌരം ചെയ്തിരുന്നത്.ക്ഷുരകന്‍ കുളിച്ച് വെള്ള വസ്ത്രങ്ങളും ധരിച്ച് ക്ഷൌരം ചെയ്യുവാനുള്ള ഉപകരണങ്ങള്‍ ചൂടുവള്ളത്തില്‍ കഴുകിവേണം ക്ഷൌരം ചെയ്യുവാന്‍.ഗുരുദേവന്‍ പരുക്കന്‍ വസ്ത്രങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല.രാവിലെ ധരിക്കുന്ന അടിവസ്ത്രം (കൗപീനം)ഉള്‍പ്പെടെ എല്ലാ വസ്ത്രങ്ങളും വൈകുന്നേരം മാറുമായിരുന്നു.പാചകനും ഇങ്ങനെ തന്നെ വേണമായിരുന്നു.അയാള്‍ പാത്രങ്ങള്‍ ഒക്കയും കഴുകി വച്ചിട്ട് പോയി കുളിക്കണം.കുളി കഴിഞ്ഞുവന്ന് പാചകം.പാചകം കഴിഞ്ഞാല്‍ വീണ്ടും ഒരിക്കല്‍ കൂടി കുളിക്കണം.കുളി കഴിഞ്ഞിട്ടാണ് ഭക്ഷണം വിളമ്പുന്നത്.തന്‍റെ പാചകന്‍,ക്ഷുരകന്‍,കൂടെ നിന്ന് പരിച്ചരിക്കുന്നവര്‍ തുടങ്ങി ആരുടെയെങ്കിലും ശരീരത്തിലോ,വസ്ത്രങ്ങളിലോ വിയര്‍പ്പിന്‍റെ ദുര്‍ഗന്ധം ഉണ്ടാകരുത് എന്ന് സ്വാമികള്‍ക്ക് വളരെ നിര്‍ബധമായിരുന്നു.തന്‍റെ സമീപത്തിരുന്നു ഭക്ഷണം കഴിക്കുന്നവര്‍ ശബ്ദം ഉണ്ടാക്കി ചവയ്ക്കുക,വെള്ളം കുടിക്കുമ്പോള്‍ ശബ്ദം ഉണ്ടാക്കുക,ഏമ്പക്കം വിടുക,ചുമയ്ക്കുക ഇതൊന്നും സ്വാമികള്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

No comments:

Post a Comment