Tuesday 19 January 2016

ഇതാ ഒരു വിശ്വഗുരു കാവിയെ നിരസിച്ചുകൊണ്ട് ശിഷ്യനെ അദ്ദേഹത്തിന്റെ പരമ്പരാഗതവേഷത്തില്‍ സന്യാസിയാക്കുന്നു

ക്രിസ്ത്യാനിയായി വളര്‍ന്ന ഏണസ്റ്റ് കെര്‍ക്കിനെ ജീവിതത്തില്‍ ഒന്നേ ആകര്‍ഷിച്ചുള്ളൂ. എല്ലാ മതങ്ങളും ഒന്നുതന്നെയെന്നരുളിയ ശ്രീനാരായണഗുരു സന്ദേശം. അതിന്റെ പ്രഭാവം ജീവിതത്തെ മാറ്റിമറിച്ചപ്പോള്‍ ശിവഗിരിയിലെത്തി ഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ തീരുമാനിച്ചു. സന്യാസം സ്വീകരിക്കേണ്ടവര്‍ ചിത്രാപൗര്‍ണ്ണമിയുടെ തലേദിവസം തലമുണ്ഡനത്തിനായി ഊഴമിട്ട് കാത്തിരിക്കുന്നു. ഏണസ്റ്റ് കെര്‍ക്കിന്റെ ഊഴമെത്തിയപ്പോള്‍ ഗുരു പറഞ്ഞു : തലമുണ്ഡനം വേണ്ട, വ്രതമെടുത്തോളൂ . കുന്നിന്‍മുകളിലെ വിശുദ്ധമായ കാറ്റില്‍ ആ ചെമ്പന്‍തലമുടികള്‍ അതുകേട്ട് ആഹ്‌ളാദത്തോടെ ഗുരുവിന് നന്ദി പറഞ്ഞിട്ടുണ്ടാവാം. വിരാജഹോമത്തില്‍ നിന്നും ഗുരു കെര്‍ക്കിനെ ഒഴിവാക്കി.
പിറ്റേന്ന് എല്ലാവര്‍ക്കും കാഷായം നല്കി പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചു. കെര്‍ക്കിന്റെ ഊഴമെത്തി. നീണ്ടുമെലിഞ്ഞ സ്വര്‍ണ്ണവര്‍ണ്ണമുള്ള ഗുരുപാദത്തില്‍ ശിരസ്സുനമിച്ച കെര്‍ക്കിന് ദീക്ഷാവസ്ത്രം
നല്കി. ഒരു ജോഡി പാന്റ്‌സും ഷര്‍ട്ടും ടൈയും ഷൂസും അടങ്ങിയ ഒരു പായ്ക്കറ്റ്. കെര്‍ക്ക് ഞെട്ടി. ഇന്ത്യയില്‍ വന്നിട്ട് ഒരുപാടുവര്‍ഷമായി. ഹിമാലയം മുതല്‍ക്ക് തെക്കോട്ടുള്ള യാത്രയായിരുന്നു. എത്രയോ ആശ്രമങ്ങള്‍, മഠങ്ങള്‍.
സത്യാന്വേഷണത്തിന്റെ അന്തിമഘട്ടമെന്നനിലയിലാണ് ശിവഗിരിയിലെത്തിയത്. ആശ്രമമെന്നാല്‍ ഇന്ത്യന്‍രീതിയില്‍ കാവിമയമാണ്. ഇവിടെ ഇതാ ഒരു വിശ്വഗുരു കാവിയെ നിരസിച്ചുകൊണ്ട് ശിഷ്യനെ അദ്ദേഹത്തിന്റെ പരമ്പരാഗതവേഷത്തില്‍ സന്യാസിയാക്കുന്നു. കണ്ടുനിന്നവര്‍ക്കും വല്ലാത്ത അമ്പരപ്പ്. ഇരുപതാംനൂറ്റാണ്ടിന്റെ ഇരുളടഞ്ഞ തുടക്കകാലത്തുനിന്ന് വരുംകാലത്തിന്റെ വിശാലസ്വാതന്ത്ര്യത്തിലേക്ക് യോഗനയനങ്ങള്‍ നീട്ടിയ ഒരു ഋഷിയെ ഭാരതഭൂമി അന്നാദ്യമായി കണ്ടറിയുകയായിരുന്നു.
ഗുരു നല്കിയ ദീക്ഷാവസ്ത്രം ധരിച്ചെത്തിയ ശിഷ്യനോട് അദ്ദേഹം മൊഴിഞ്ഞു, ‘വസ്ത്രമല്ല സന്യാസത്തിന് പ്രധാനം, ത്യാഗമാണ്’. മനസ്സും ശരീരവും ആ പാദത്തിലര്‍പ്പിച്ച് സായ്പ് വീണ്ടും വീണ്ടും വണങ്ങി. ഒരു സ്മൃതിയിലും വേദങ്ങളിലും പരാമര്‍ശിക്കപ്പെടാത്ത സത്യദര്‍ശനത്തിന്റെ പുതിയ അദ്ധ്യായം. ഇന്ത്യന്‍ ഋഷിപരമ്പരയില്‍ ഗവേഷണം നടത്തിയ കാലങ്ങളിലൊന്നും ഇതുപോലൊരു മഹാത്ഭുതത്തെ കാണാതെപോയത് വലിയ നഷ്ടമായി കെര്‍ക്കിന് അനുഭവപ്പെട്ടു. ലോകത്തിന്റെ ഹൃദയനൈര്‍മ്മല്യം വെളുത്ത മഞ്ഞുകട്ടകളായി ഉറഞ്ഞുകൂടുന്ന ഹിമാലയസാനുക്കളില്‍ ഭാരതം കരുതിവച്ചിരിക്കുന്ന സമാധാനം സ്വാംശീകരിച്ച് ഒരു സന്യാസിയായി ജീവിക്കണം എന്നായിരുന്നു ഇന്ത്യയിലെത്തുമ്പോള്‍ ഏണസ്റ്റ് കെര്‍ക്കിന്റെ ആഗ്രഹം. അവിടം മുതല്‍ തിരയുന്നതാണ് പൂര്‍ണ്ണസമര്‍പ്പണത്തിനു പറ്റിയ ഒരു ഗുരുമുഖം.
കടപ്പാട് - പ്രസാദ്‌ .G .പണിക്കര്‍

No comments:

Post a Comment