ജാതിഎന്ന പദത്തിന് ജനിക്കുമ്പോളുള്ളത് എന്നാണർത്ഥം. ജനനാൽ ഉള്ളത് എന്നു
പറഞ്ഞാൽ മരണം വരെ വിട്ടു പോകാത്തത് എന്നുമാണ് അർത്ഥം. ഈ അർത്ഥത്തിൽ ഒരു
വർഗ്ഗത്തിന് ജനനാൽ ഉള്ളതും മരണം വരെ
വിട്ടു പോകാത്തതുമായ രൂപമേതാണോ അതാണ് ജാതി നിർണ്ണയത്തിനു ഹേതു. അതിനെയാണ്
താർക്കികൻമാരും മറ്റും ജാതി നിർണ്ണയ ഘടകമായി അംഗീകരിക്കുന്നത്. ആ നിലയിൽ
മനുഷ്യന്റെ മനുഷ്യ ശരീരം ജനനാൽ ഉള്ളതും മരണം വരെ വിട്ടു പോകാതെ മനുഷ്യ
ശരീരമായി തന്നെ തുടരുന്നതുമാണ്. അതിനെ ആസ്പദമാക്കി മനുഷ്യർക്കു മുഴുവനും
മനുഷ്യത്വമെന്ന ജാതി കൽപ്പിക്കാവുന്നതാണ്. പശുക്കൾക്കും കാളകൾക്കും മറ്റും
അവയുടെ ഗോശരീരം ജനനാൽ ഉള്ളതും മരണം വരെ തുടരുന്നുമായതുകൊണ്ട് അവയ്ക്കൊക്കെ
കൂടി ഗോത്വം എന്ന ജാതി കല്പിച്ചിരിക്കുന്നതു പോലെ ഇന്ന് മനുഷ്യരുടെ ഇടയിൽ
നിലവിലുള്ള ബ്രാഹ്മണത്വാദി വേർതിരിവിന് ഇങ്ങനെ ജനനവുമായി
ബന്ധപ്പെടുത്താവുന്ന യാതൊരു യുക്തിയുമില്ല. ബ്രാഹ്മണ കുലത്തിൽ ജനിക്കുന്ന
എത്രയോ പേർ ഗുണകർമങ്ങൾ കൊണ്ട് ചണ്ഡാലരേക്കാൾ മോശമായ ജീവിതം നയിക്കാനിട
വരുന്നു. താണകുലങ്ങളിൽ ജനിക്കുന്ന എത്രയോ പേർ ഗുണകർമ്മങ്ങൾ കൊണ്ട്
ബ്രാഹ്മണരായി ബ്രഹ്മജ്ഞാനികളായി തീരുന്നു. ഇന്നത്തെ ദുർമാർഗ്ഗി നാളെ
സന്മാർഗ്ഗിയായി ഭവിക്കുന്നു. ഇന്നത്തെ സന്മാർഗ്ഗി നാളത്തെ ദുർമാർഗ്ഗിയായി
പതിക്കുന്നു. ഒരേ കുടുംബത്തിലെ അംഗങ്ങൾ തന്നെ പല തൊഴിലുകളിൽ ഏർപ്പെടുന്നു.
ഒരാൾച്ചെവടക്കാരനാണെങ്കിൽ മറ്റൊരാൾ ഫാക്ടറിയുടമായായി തീരുന്നു. ഒരാൾ
കൃഷിപ്പണി ചെയ്യുമ്പോൾ അയാളുടെ സഹോദരൻ സന്ന്യാസം സ്വീകരിക്കുന്നു. ഈ
നിലയ്ക്ക് മനുഷ്യരുടെ കൂട്ടത്തിൽ ബ്രാഹ്മണാദി വേർതിരിവുകൾ ജനനവുമായി
ബന്ധപ്പെട്ടതാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നു പറയേണ്ടതില്ലല്ലോ?
ബ്രാഹ്മാണാദി വർണ്ണങ്ങളുടെ സ്ഥിതിയിതാണെങ്കിൽ സമൂഹത്തിൽ കാണപ്പെടുന്ന
മറ്റവാന്തരവിഭാഗങ്ങൾ സ്വാർത്ഥമതികളായ സ്ഥാപിത താൽപ്പര്യക്കാരുടെ കൃത്രിമ
സൃഷ്ടികളാണെന്ന് പറയേണ്ടതില്ലല്ലോ? ഈ ലോകത്ത് കാണപ്പെടുന്ന എല്ലാ
നാമരൂപങ്ങളും ഒരേ ഒരു പരമാത്മാവിന്റെ രൂപഭേദങ്ങളാണെന്നു കണ്ടെത്തിയിട്ടുള്ള
മാഹാത്മാക്കൾക്ക് മനുഷ്യത്വാദി ജാതികൾ പോലും വെറും മായാ വിഭ്രമങ്ങളാണ്.
പിന്നെയാണോ ബ്രാഹ്മണത്വാദി വേർതിരിവുകൾ. കഷ്ടം തത്ത്വമറിയാതെ അജ്ഞതയിൽ
പെട്ടുഴലുന്നവരുടെ കൃത്രിമ സങ്കല്പങ്ങളെ കുറിച്ച്എന്ത് പറയാനാണ്?
മനുഷ്യവർഗ്ഗത്തെ ജാതി മത ദൈവഭേദങ്ങളെ ആസ്പദമാക്കി ഒരിക്കലും പലതായി കാണാൻ
പാടില്ല.
No comments:
Post a Comment