Sunday, 24 July 2016

സന്ന്യാസം ത്യാഗം മാത്രമല്ല


<< അല്‌പാഹാരിയും വികാരങ്ങളെ അടക്കിയവനായും ജീവിക്കുന്നതു മാത്രമല്ല സന്ന്യാസം. കാരണം ഇത്രയും സാധിച്ചതുകൊണ്ടുമാത്രം ഒരാള്‍ സന്ന്യാസിയാകില്ല. മുമ്പ്‌ സൂചിപ്പിച്ചത്‌ സാമാന്യനിയമമാണ്‌. സന്ന്യാസം അതിലും ഉപരിയായ ഒന്നാകുന്നു......(കുണ്ഡികോപനിഷത്ത്‌ 4-5)
ഒരു സന്ന്യാസിയെപ്പറ്റിയുള്ള കഥ പറയട്ടേ... ഉത്തരപ്രദേശിലെ ശ്രീവല്ലഭ വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരമുള്ള കഥയാണ്‌.
ഒരു ആചാര്യന്റെ പുരാണപ്രവചനങ്ങളിലും ധ്യാനത്തിലും പങ്കുകൊള്ളാന്‍ നാടിന്റെ നാനാ ഭാഗത്തിനുന്നും ആളുകള്‍ എത്തിക്കൊണ്ടേയിരുന്നു. ഒരുദിവസം അവിടെ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ ഒരു മോഷണക്കുറ്റത്തിന്‌ ആളുകള്‍ പിടികൂടി ആചാര്യന്റെ അരികില്‍ കൊണ്ടുവന്നു. കുറ്റവാളിക്ക്‌ കടുത്ത ഷിക്ഷ നല്‍കണമെന്ന്‌ അവര്‍ ആചാര്യനോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ ആചാര്യന്‍ ആ ആവശ്യം കാര്യമായി എടുത്തില്ല.
കുറേ ദിവസം കഴിഞ്ഞ്‌ വീണ്ടും ആ വിദ്യാര്‍ത്ഥിയെതന്നെ മോഷണക്കുറ്റത്തിന്‌ ആളുകള്‍ പിടികൂടി. അയാളെ ശിക്ഷിച്ച്‌ ആശ്രമത്തില്‍നിന്ന്‌ പറഞ്ഞയക്കണമെന്ന്‌ ആവര്‍ ആചാര്യനോട്‌ ആവശ്യപ്പെട്ടു. ആചാര്യന്‍ അതിനും മൗനംപാലപിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ അവര്‍ ആചാര്യസമക്ഷം വന്ന്‌ തങ്ങള്‍ എല്ലാവരും ആശ്രമം വിട്ടുപോകാന്‍ തീരുമാനിച്ച വിവരം അറിയിച്ചു.
ആചാര്യന്‍ എല്ലാവരേയും അടുത്തുവിളിച്ചു. എന്നിട്ട്‌ പറഞ്ഞു.. നിങ്ങള്‍ എല്ലാവരും സത്സ്വഭാവികളും വിവേകികളുമാണ്‌. ശരിയും തെറ്റും തിരിച്ചറിയാന്‍ നിങ്ങള്‍ക്ക്‌ സാധിക്കും. നിങ്ങള്‍ക്ക്‌ നിങ്ങളുടെ ഇഷ്ടത്തിനൊത്ത്‌ എവിടെയും പോയി ജീവിക്കാനും പഠിക്കാനും കഴിയും. പക്ഷേ ഇവന്‌ തെറ്റും ശരിയും തിരിച്ചറിയാനാവുന്നില്ല. ഞാനില്ലെങ്കില്‍ ഇവനെ ആരാണ്‌ പഠിപ്പിക്കുക.? നിങ്ങള്‍ എല്ലാവരും ഇവിടം വിട്ടാലും ഞാന്‍ ഇവിടെ കൈവിടില്ല.... ഇതുകേട്ട്‌ മോഷ്ടാവായ വിദ്യാര്‍ത്ഥിയുടെ കണ്ണുകള്‍ നിറഞ്ഞു. അയാള്‍ പശ്ചാത്താപത്തോടെ ഇനി ഒരിക്കലും താന്‍ മോഷ്ടിക്കില്ലെന്ന്‌ ഏവരുടേയും മുന്നില്‍വച്ച്‌ തന്നെ ശപഥം ചെയ്‌തു.
സന്ന്യാസിയെ യഥാര്‍ത്ഥ സന്ന്യാസിയാക്കുന്നത്‌ ചില ത്യാഗങ്ങള്‍ മാത്രമല്ല. സഹജീവികളോടുള്ള കാരുണ്യംകൂടിയാണ്‌. ഒരാളെ ഗുരുവാക്കുന്നത്‌ അയാളുടെ ശാരീരിക ഗാംഭീര്യമോ, വസ്‌ത്രധാരണമോ, പണമോ, അത്ഭുത സിദ്ധികളോ ഒന്നുമല്ല. അയാളുടെ ജ്ഞാനവും മനോഗുണവും ജീവിത കര്‍മ്മങ്ങളുമാണ്‌. ഇക്കാര്യം സാധാരണക്കാരായ നമുക്കും ബാധകമല്ലേ.?

No comments:

Post a Comment